പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പൊന്നങ്കോടിന് സമീപത്തായി ഗ്യാസ് ടാങ്കറും ടോറസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ വെന്തുമരിച്ചു

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പൊന്നങ്കോടിന് സമീപം എടായ്ക്കല്‍ മുകള്‍ വളവില്‍ ഗ്യാസ് ടാങ്കറും ടോറസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ വെന്തുമരിച്ചു.
തമിഴ്‌നാട് കരൂര്‍ പുതുര്‍പ്പട്ടി നല്ലപ്പന്റെ മകന്‍ മുനിസാമിയാണ് (49) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ ടോറസിന്റെ ഡീസല്‍ ടാങ്ക് പൊട്ടി തീ പടര്‍ന്ന് ലോറി മുഴുവന്‍ കത്തിനശിച്ചു. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറുടെ കത്തിക്കരിഞ്ഞ ജഡം മണിക്കൂറുകള്‍ പണിപ്പെട്ടാണ് അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്.
ടാങ്കറിന്റെ ക്യാബിനും അഗ്‌നിക്കിരയായി. എന്നാല്‍ ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. മണ്ണാര്‍ക്കാട്, കോങ്ങാട്, പാലക്കാട് ഭാഗങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 18 ടണ്‍ ഗ്യാസാണ് ടാങ്കറിലുണ്ടായിരുന്നത്. മംഗലാപുരത്തു നിന്ന് ഗ്യാസ് നിറച്ചുവരികയായിരുന്നു ടാങ്കര്‍.
തമിഴ്‌നാട്ടില്‍ നിന്ന് ഡോളോമേറ്റ് കയറ്റിപോവുന്ന ടോറസ് നിയന്ത്രണം വിട്ട് ടാങ്കറിലേക്ക് ഇടിക്കുകയായിരുന്നു. രാവിലെ ഒമ്പതോടെ വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
"
https://www.facebook.com/Malayalivartha