ഒഴുകിപ്പോയാല്‍ തലയില്ല... കേരളം വിധിയെഴുത്തിലേക്ക് കടന്നപ്പോള്‍ ഓര്‍മ്മയാകുന്നത് കത്തിനിന്ന വിഷയങ്ങള്‍; ശബരിമലയും അന്നംമുടക്കിയും വോട്ടുമുടക്കിയുമായി വിഷയങ്ങള്‍ ആഞ്ഞടിച്ചു; ബോംബ് പൊട്ടുമെന്ന് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് ലഭിച്ചത് ക്യാപ്റ്റനെന്ന പുകഴ്ത്തല്‍; വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിന്റെ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്

എങ്ങനെയെങ്കിലും ആറാം തീയതി ആകണേ എന്നാണ് എല്‍ഡിഎഫുകാര്‍ പ്രാര്‍ത്ഥിച്ചത്. കാരണം എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുവാന്‍ ഒരൊറ്റ വിഷയം മതി. തുടര്‍ഭരണം പ്രതീക്ഷിച്ച് മുന്നേറുന്ന മുന്നണിയെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ഒരു വിഷയവും അവസാനനാളുകളില്‍ കിട്ടിയില്ല. മാത്രമല്ല ക്യാപ്റ്റന്‍ സ്തുതിയില്‍ പിണറായി കൂടുതല്‍ കരുത്തനാകുകയും ചെയ്തു. പ്രതീക്ഷിച്ച ബോംബ് പൊട്ടിയതുമില്ല.
ശബരിമലയില്‍ തുടങ്ങി വികസനവാദങ്ങളില്‍ വരെ കൊമ്പുകോര്‍ത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരശ്ശീല വീണത്. ശബരിമലയെ ആദ്യ അജന്‍ഡയായി ഒരുക്കിയിറക്കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെങ്കിലും, അവസാനം ബി.ജെ.പി അതിനെ ശക്തമായ പ്രചരണായുധമാക്കാന്‍ മത്സരിക്കുന്നതാണ് കണ്ടത്. എന്‍.എസ്.എസ് നേതൃത്വവും സംവാദത്തില്‍ അണി ചേര്‍ന്നു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ കൊല്ലം ലത്തീന്‍ അതിരൂപത കക്ഷി ചേര്‍ന്നതോടെ, അത് ശക്തമായ പ്രചാരണവിഷയമായി മാറി. 45ഓളം സീറ്റുകള്‍ വരുന്ന തീരമേഖലയില്‍ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. വിവാദത്തെ പ്രതിരോധിക്കാന്‍ തീരമേഖലയിലടക്കമുള്ള വികസനനേട്ടങ്ങളുയര്‍ത്തിക്കാട്ടിയും, വിവാദ കരാറിന് പിന്നില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന ആരോപിച്ചുമാണ് ഇടതുമുന്നണി നീങ്ങിയത്.
ആഴക്കടല്‍ വിവാദമെന്ന പോലെ, ഇരട്ടവോട്ട് ക്രമക്കേടും വെളിച്ചത്ത് കൊണ്ടുവന്ന് പ്രചാരണ അജന്‍ഡയാക്കിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. ഏറ്റവുമൊടുവില്‍ അദാനിയുമായുള്ള വൈദ്യുതികരാര്‍ സംബന്ധിച്ച വിവാദവും പുറത്തെത്തിച്ചത് അദ്ദേഹം തന്നെ.
സി.പി.എം ബി.ജെ.പി ഡീല്‍ എന്ന പേരില്‍ വിവാദത്തിന് വിത്ത് പാകിയത് ആര്‍.എസ്.എസ് നേതാവ് ബാലശങ്കറിന്റെ ചില തുറന്നു പറച്ചിലുകളാണ്. തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളപ്പെട്ടതിനെ ആയുധമാക്കി ബി.ജെ.പി കോണ്‍ഗ്രസ് ബാന്ധവം ശക്തിയായി ഉയര്‍ത്തി പ്രത്യാക്രമണത്തിന് ഇടതുപക്ഷവും തയാറായി.
ഇടത് തുടര്‍ഭരണം സര്‍വ്വനാശമുണ്ടാക്കുമെന്ന മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ പരാമര്‍ശം യു.ഡി.എഫ് എല്‍.ഡി.എഫ് വാക്‌പോരിന് മറ്റൊരായുധമായി. ഇതിനിടെ ചെന്നിത്തലയ്‌ക്കെതിരെ അന്നംമുടക്കി വന്നത് യുഡിഎഫിന് വലിയ ക്ഷീണമായി.
മുഖ്യമന്ത്രിയുടെ ബോംബ് ആരോപണമാണ് ചര്‍ച്ചയായ മറ്റൊരു വിഷയം. രാഹുല്‍ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജ് എം.പിയുടെ പരാമര്‍ശത്തിന് പുറമേ ഏറ്റവുമൊടുവില്‍ കായംകുളത്തെ യു.ഡി.എഫ് സ്ഥാനാത്ഥിക്കെതിരായ എ.എം. ആരിഫ് എം.പിയുടെ പരാമര്‍ശവും വിവാദത്തിന് തിരി കൊളുത്തി.
മുഖ്യമന്ത്രിക്ക് ചാര്‍ത്തപ്പെട്ട ക്യാപ്റ്റന്‍ വിശേഷണം സി.പി.എമ്മിനകത്ത് സംവാദവിഷയമായതും കണ്ടു. ഇതേറെ പിണറായിക്ക് ഗുണം ചെയ്തു. വികസന, ക്ഷേമ അവകാശവാദങ്ങളില്‍ ഇരുമുന്നണികളും കൊമ്പുകോര്‍ത്തത് അവസാനഘട്ടത്തിലാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതില്‍ മുഖ്യമന്ത്രിയോട് ഏറ്റുമുട്ടാനെത്തിയത്.
തലശ്ശേരിയിലെ ബി.ജെ.പി പിന്തുണ അവിടത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി. നസീറിനെന്ന് സംസ്ഥാന നേതൃത്വവും, മനസ്സാക്ഷി വോട്ടെന്ന് ജില്ലാ നേതൃത്വവും പ്രതികരിച്ചതും ആശയക്കുഴപ്പമുണ്ടാക്കി. ബി.ജെ.പി വോട്ട് വേണ്ടെന്ന് നസീര്‍ നിലപാടെടുത്തതും ബി.ജെ.പിക്ക് വിനയായി.
പരസ്യപ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവെ, കാസര്‍കോട്ടെ പ്രചാരണ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ബോംബിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാരിനെതിരെ വലിയ ബോംബ് അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് അറിയുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഈ നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, തിരഞ്ഞെടുപ്പ് ചര്‍ച്ചകളാകെ 'ബോംബി'ലേക്ക് കേന്ദ്രീകരിക്കുന്ന സ്ഥിതിയായി.
ഏത് ബോംബാണ് പൊട്ടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്യുന്നതാണോയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചതോടെ, ബോംബ് വിവാദവിഷയമായി. കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങി തുടങ്ങവേ രാഷ്ട്രീയ ബോംബ് പൊട്ടിയോ എന്ന സന്ദേഹം ബാക്കിയാണ്.
"
https://www.facebook.com/Malayalivartha