സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തില്‍ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകള്‍ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ചേവായൂര്‍ മാലൂര്‍കുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് – എആര്‍ ക്യാംപ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ഥിയാണ് ഫാത്തിമ നേഹ. 2024 ല്‍ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താഴേക്ക് വീണ് പരുക്കേറ്റിരുന്നു.
പറമ്പില്‍ ബസാര്‍, കണ്ണാടിക്കല്‍ ഭാഗങ്ങളിലേക്കു പോകാന്‍ എളുപ്പവഴിയായതിനാല്‍ ഏറെപ്പേര്‍ ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇവിടെ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിരുന്നു. വെളളിയാഴ്ചത്തെ അപകടത്തോടെ ഇതുവരെ ഇവിടെ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകട സാധ്യത പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























