നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുകള്‍ തടയാനുള്ള നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുകള്‍ തടയാനുള്ള നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ.
ശാന്തിയും സമാധാനവും തികഞ്ഞ വോട്ടെടുപ്പാണ് നടക്കുന്നതെന്നും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിലെ 41 ആം ബൂത്തിലാണ് ടീക്കാ റാം മീണ വോട്ട് ചെയ്തത്.'എല്ലാ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇരട്ട വോട്ടുകള്‍ തടയാനുള്ള നിയമപ്രകാരമുള്ള നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയില്‍ കര്‍ശന നടപടി എടുക്കും. വോട്ടിംഗ് മെഷിന്‍ തകരാറിലായ മണ്ഡലങ്ങളില്‍ റിസര്‍വ് മെഷീനുകള്‍ ഉണ്ട്. ജനങ്ങള്‍ നിര്‍ഭയം വോട്ട് ചെയ്യണം,' മീണ പറഞ്ഞു.
ഇരട്ടവോട്ടിനെതിരെ കര്‍ശന നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നു. ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം.
ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കാനും നിര്‍ദേശമുണ്ട്. എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ പോളിങ് ബൂത്തിന് പുറത്തേക്കു പോകാന്‍ അനുവദിക്കാവൂ.
ഇരട്ടവോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
കള്ളവോട്ട്, ഇരട്ടവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചിരുന്നു. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha