ശോഭയോട് കളിവേണ്ട... തലസ്ഥാനത്തെ സിപിഎം ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് ബിജെപിക്കാരെ അടിച്ചോടിച്ച് ഒറ്റയ്ക്ക് വിളയാടാമെന്ന സഖാക്കളുടെ മോഹം പൊളിച്ചടുക്കി ശോഭ സുരേന്ദ്രന്‍; കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതോടെ കേന്ദ്രസേന പാഞ്ഞെത്തി; കളിമാറുമെന്ന് കണ്ടതോടെ പോലീസുകാര്‍ തന്നെ 5 സി.പി.എംകാരെ അറസ്റ്റ് ചെയ്തു

മിക്കവാറും തെരഞ്ഞെടുപ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ പോത്തന്‍കോടിന് സമീപമുള്ള കാട്ടായിക്കോണം. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് കയറിക്കളിക്കാന്‍ അധികമാരും ധൈര്യപ്പെടില്ല.
ഇന്നലെ തെരഞ്ഞെടുപ്പ് ദിവസം ബിജെപിക്കാരെ കാട്ടായിക്കോണത്ത് നിന്നും ഒഴിവാക്കാനുള്ള ശ്രമം വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. അവസാനം ശോഭ സുരേന്ദ്രന്‍ തൃശൂര്‍ യാത്ര മാറ്റിവച്ച് പാഞ്ഞെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
വോട്ടെടുപ്പിനിടെ ഇന്നലെ രാവിലെ കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം ജംഗ്ഷനില്‍ സി.പി.എം ബി.ജെ.പി.പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും, വൈകിട്ട് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 5 സി.പി.എംകാരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11 .30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ബി.ജെ.പിയുടെ ബൂത്ത് ഓഫീസിലിരുന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ബൂത്ത് ഓഫീസ് അടിച്ച് തകര്‍ത്തു ബി.ജെ.പി ബൂത്ത് ഏജന്റുമാരായ ബിജുകുമാര്‍ ( 42 ) ജ്യോതി (36 )അനാമിക (18 ) അശ്വതി (20 )വിജയകുമാരന്‍ (52 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പഴയ കാട്ടായിക്കോണം ആവര്‍ത്തിക്കുമെന്ന വിവരമറിഞ്ഞ് സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി.നേതാക്കള്‍ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ബൂത്ത് കമ്മിറ്റി പുനഃസ്ഥാപിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും ധാരണയായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കേന്ദ്രസേനയെ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലത്ത് വിന്യസിക്കാമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
വൈകിട്ട് നാല് മണിയോടെ കാട്ടായിക്കോണം ജംഗ്ഷനില്‍ കാറിലെത്തിയ നാലംഗ സംഘം റോഡില്‍ നിന്ന രണ്ട് സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ശേഷം മറ്റൊരു കാറില്‍ രക്ഷപ്പെട്ടതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. നേരത്തെ വീടുകളിലേക്ക് മടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ഒത്തുകൂടുകയും അക്രമികള്‍ എത്തിയ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. തകര്‍ക്കപ്പെട്ട കാറില്‍ ബി.ജെ.പി. നെടുമങ്ങാട്, കഴക്കൂട്ടം മണ്ഡലം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും മറ്റും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് റിക്കവറി വാനില്‍ കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചത് സി.പി.എം.പ്രവര്‍ത്തകര്‍ തടഞ്ഞു.
കാറില്‍ മാരകായുധങ്ങളുണ്ടെന്നും പരിശോധിച്ച് ബോദ്ധ്യപ്പെടുത്തിയതിന് ശേഷം കാര്‍ മാറ്റിയാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ വാശിപിടിച്ചതോടെ കേന്ദ്ര പൊലീസ് നിരീക്ഷകന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ഡി. രമേശന്‍, പോത്തന്‍കോട് പഞ്ചായത്ത് അംഗം പ്രവീണ്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സാജു, ഡി.വൈ.എഫ്. ഐ .ഏരിയാ പ്രസിഡന്റ് സുര്‍ജിത്ത്, അജിത്കുമാര്‍, ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രമേശന്റെ കാട്ടായിക്കോണത്തെ വീട്ടിലും സമീപത്തെ വീടുകളിലും അതിക്രമിച്ചുകയറിയ പൊലീസ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
റോഡിലിട്ടും വാഹനത്തില്‍ വച്ചും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി നേതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി. സ്ഥലത്ത് സംഘര്‍ഷ സാദ്ധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
https://www.facebook.com/Malayalivartha