ഭരണത്തുടര്‍ച്ചയല്ല ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മെയ് രണ്ടിന് വ്യക്തമാവുക

ജനാധിപത്യത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ആത്യന്തികമായി പരീക്ഷിക്കപ്പെടുന്നത് ജനാധിപത്യം തന്നെയാണ്. ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ, അതിന് അതിജീവന സാദ്ധ്യതയുണ്ടോ എന്നതാണ് ചോദ്യം. ബംഗാളിലായാലും കേരളത്തിലായാലും അസമിലായാലും തമിഴകത്തായാലും പുതുച്ചേരിയിലായാലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനാധിപത്യം കൂടുതല്‍ സുന്ദരവും സുരഭിലവുമാവുമോ എന്നാണറിയേണ്ടത്. ഭരണത്തുടര്‍ച്ചയല്ല, ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യം എന്നര്‍ത്ഥം.
ഇക്കുറി കിട്ടിയില്ലെങ്കിലും ബംഗാളിലെ അധികാരം അധികം ദൂരെയല്ല എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നീങ്ങുന്നത്. 2025 ലക്ഷ്യമിട്ടുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും മെഗാ പദ്ധതിയില്‍ ഏറെ കടമ്പകളുള്ളത് പഞ്ചാബിലും തമിഴകത്തുമാണ്.
ഹിന്ദുത്വയുടെ കോട്ടകള്‍ക്കെതിരെ ഉയരുന്ന ആന്തരികമായ ചെറുത്തുനില്‍പുകളാണ് തമിഴകത്തെയും പഞ്ചാബിനെയും അടയാളപ്പെടുത്തുന്നത്. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടാവില്ല. പഞ്ചാബിന്റെ മനസ്സും ഭാവനയും പിടിക്കാനുള്ള ഒരു ബദല്‍ പദ്ധതി ഇപ്പോള്‍ ബി.ജെ.പിയുടെ ആയുധശേഖരങ്ങളിലില്ല.
പക്ഷേ, ബംഗാളില്‍ ബി.ജെ.പി. ഏറെ മുന്നേറിക്കഴിഞ്ഞു. ഹിന്ദു - മുസ്ലിം വിഭജന ആഖ്യാനമാണ് ഇക്കുറി ബംഗാളിലെ തിരഞ്ഞെടുപ്പ് വിഷയം. അസമില്‍ ഈ ആഖ്യാനം വളരെ നേരത്തെ തന്നെ ബി.ജെ.പി. നടപ്പാക്കിക്കഴിഞ്ഞതാണ്. ഈ ആഖ്യാനത്തിനെതിരെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം വിജയിക്കുമോ എന്നിടത്തായിരിക്കും അസമിലെ മതനിരപേക്ഷതയുടെ ഭാവിയും തുടര്‍ച്ചയും.
ഇത്തവണ ബി.ജെ.പി. ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചത് ബംഗാളിലാണ്. തങ്ങള്‍ക്ക് വേരോട്ടമില്ലാത്ത ഇടങ്ങളില്‍ സഖ്യകക്ഷികളിലൂടെ വളരുക എന്നതാണ് ബി.ജെ.പിയുടെ നയം. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു. ബി.ജെ.പിയുടെ ഈ പദ്ധതിക്ക് എന്തുകൊണ്ടും ചേര്‍ന്ന ഇരയായിരുന്നു. ബംഗാളിലും കേരളത്തിലും ബി.ജെ.പി. നേരിട്ട പ്രതിസന്ധി ഇങ്ങനെയൊരു സഖ്യമുണ്ടാക്കാനായില്ല എന്നതാണ് .
പക്ഷേ, ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തകര്‍ന്നത് ബി.ജെ.പിക്ക് തുണയായി. മമതയുടെ തൃണമൂലിനെതിരെ ബംഗാളില്‍ ബി.ജെ.പിയെ തുണയ്ക്കുന്നത് പഴയ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളുമാണെന്നത് രഹസ്യമല്ല. ബംഗ്ലാദേശ് എന്ന രാജ്യത്തെ മുന്‍നിര്‍ത്തിയാണ് ബംഗാളില്‍ ബി.ജെ.പിയുടെ പോരാട്ടം.
വിഭജനത്തിന്റെ മാരകമായ മുറിവുകള്‍ തുറന്നുകൊണ്ടുള്ള യുദ്ധമാണത്. ഇതിനെ മമത നേരിട്ടത് പ്രാദേശിക വികാരം ഉണര്‍ത്തിക്കൊണ്ടാണ്. ബംഗാളിനെ ബംഗാളികളാണോ പുറത്തു നിന്നുള്ളവരാണോ ഭരിക്കേണ്ടതെന്ന് മമത ചോദിക്കുന്നു. ഇതേ ചോദ്യം തന്നെയാണ് തമിഴകത്ത് എം.കെ. സ്റ്റാലിനും ഉയര്‍ത്തുന്നത്. ഇക്കുറി തമിഴകത്ത് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലല്ല പോരാട്ടമെന്നും ഡി.എം.കെയും ബി.ജെ.പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരമെന്നും സ്ഥാപിച്ചെടുക്കാന്‍ സ്റ്റാലിനായിട്ടുണ്ട്.
ഈ സമവാക്യമാണ് ഇത്തവണ തമിഴകത്ത് ഡി.എം.കെയുടെ ഊര്‍ജ്ജവും കരുത്തും. പഞ്ചാബില്‍ ഹിന്ദുത്വയുടെ ആഖ്യാനം എത്രമാത്രം ദുര്‍ബ്ബലമാണോ അതുപോലെ തന്നെയാണ് തമിഴകത്തെയും അവസ്ഥ. ഉപരിതലത്തില്‍ അത് രണ്ട് വര്‍ണ്ണങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അടിത്തട്ടില്‍ രണ്ടാശയങ്ങള്‍ തമ്മിലും. അതുകൊണ്ടുതന്നെയാണ് 2025-ല്‍ ശതാബ്ദി വര്‍ഷത്തിലും ഈ രണ്ട് സംസ്ഥാനങ്ങള്‍ തങ്ങളുടെ വിളിപ്പുറത്തുണ്ടാവില്ലെന്ന് ആര്‍.എസ്.എസ്. തിരിച്ചറിയുന്നത്.
ബംഗാള്‍ ഇക്കുറി മമത നിലനിര്‍ത്തുമെന്നാണ് പ്രശാന്ത് കിഷോറും കൂട്ടരും പറയുന്നത്. മണ്ണിന്റെ മക്കള്‍ വാദത്തിലൂടെ ബി.ജെ.പിയെ നേരിടാനുള്ള തൃണമൂലിന്റെ ശ്രമം ഇക്കുറി ഫലം കണ്ടേക്കാം. പക്ഷേ, ബംഗാളില്‍ ഈ സമവാക്യം തിരിച്ചിട്ട് പെരുക്കുന്നതിന് ബി.ജെ.പിക്ക് അധികകാലം വേണ്ടി വരില്ല. ബംഗാളികളെന്നാല്‍ ആരാണെന്ന മറുചോദ്യമാണ് ബി.ജെ.പി. ഉയര്‍ത്തുന്നത്. ബംഗ്ളാദേശില്‍ നിന്നുള്ളവരാണോ ബംഗാളിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന മുദ്രാവാക്യം ബി.ജെ.പി. ഉയര്‍ത്തുമ്പോള്‍ അതില്‍ വിഭജനത്തിന്റെ ചരിത്രവും മുറിവുമുണ്ട്. ഈ മുറിവിലാണ് ബി.ജെ.പി. പ്രതീക്ഷകള്‍ നെയ്യുന്നത്.
ഈ തിരഞ്ഞെടുപ്പിലല്ലെങ്കില്‍ അടുത്തതില്‍ തങ്ങള്‍ തുന്നുന്ന ഉടുപ്പിട്ടവരായിരിക്കും റൈറ്റേഴ്സ് ബില്‍ഡിങ്ങിലെ അധികാര പീഠത്തിലുണ്ടാവുക എന്ന് ബി.ജെ.പി. സ്വപ്നം കാണുന്നതും ഈ സമവാക്യത്തിന്റെ പുറത്താണ്. കേരളം ബി.ജെ.പിയുടെ മറ്റൊരു സമസ്യയാണ്. കേരളത്തില്‍ അധികാരത്തിനായല്ല, നിര്‍ണ്ണായക സ്വാധീനത്തിനായാണ് ബി.ജെ.പി. പോരാടുന്നത്.
നിലവില്‍ മൂന്നാം മുന്നണിയാണെങ്കില്‍ അധികം വൈകാതെ രണ്ടാം മുന്നണിയാവുക എന്നതാണ് ലക്ഷ്യം. ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കും ഐക്യ ജനാധിപത്യ മുന്നണിക്കുമൊപ്പം നിറഞ്ഞുനില്‍ക്കാനായി എന്നത് ബി.ജെ.പി. കൈവരിച്ച നേട്ടം തന്നെയാണ്. കാര്യമായൊരു സഖ്യവുമില്ലാതെയാണ് ബി.ജെ.പി. ഈ വിധത്തില്‍ വളര്‍ന്നതെന്നത് കാണാതിരിക്കാനാവില്ല.
ഭരണത്തുടര്‍ച്ചയല്ല ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മെയ് രണ്ടിന് വ്യക്തമാവുകയെന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞത് വെറുതെയല്ല. വിയോജിപ്പിനും എതിര്‍പ്പിനുമുള്ള ഇടമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. രാഷ്ട്രീയമെന്നു പറയുന്നത് അധികാരത്തെ ചോദ്യം ചെയ്യലാണെന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനം. വാളയാറില്‍നിന്നുള്ള അമ്മയ്ക്ക് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടല്ലോ അതിന്റെ പേരാണ് ജനാധിപത്യം.
"https://www.facebook.com/Malayalivartha