ആ മനുഷ്യന്റെ സങ്കടം കാതില്‍ പെയ്യുന്നു; വേറൊന്നും ചോദിക്കാനായില്ല; എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങള്‍ എന്താണെന്നോ; ഭയപ്പെടുത്താനല്ല, സങ്കടം കൊണ്ടാണ്, വേദനയോടെ പങ്കുവെക്കുന്നത്, കൂടുതല്‍ ജാഗ്രതയ്ക്കു വേണ്ടിയാണ്; കൂടുതല്‍ ഉത്തരവാദിത്തം നാടൊന്നാകെ പുലര്‍ത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു; നമുക്കാകെ ചെയ്യാന്‍ പറ്റുക; നമ്മുടെ വീട്ടില്‍ നിന്ന് രോഗികളുടെ എണ്ണം ഇല്ലാതാക്കുക / കുറക്കുക എന്നതാണ്; വികാര നിർഭരമായ കുറിപ്പ് പങ്ക് വച്ച് അനു പാപ്പച്ചന്‍

കോവിഡ് രണ്ടാം തരംഗം വമ്പൻ ഭീഷണിയുയർത്തി മുന്നേറുകയാണ്. തൃശൂരും എറണാകുളത്തുമുള്ള ആശുപത്രികളില്‍ വെന്‍റിലേറ്ററുകള്‍ക്ക് ക്ഷാമം ഉണ്ടാകുന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ എഴുത്തുകാരിയായ അനു പാപ്പച്ചന്‍ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
സുഹൃത്തിന്റെ സഹോദരി വെന്‍റിലേറ്റര്‍ സൗകര്യം കിട്ടാതെ മരിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഭയപ്പെടുത്താനല്ല, സങ്കടം കൊണ്ടാണ് ഇത് വേദനയോടെ പങ്കുവെയ്ക്കുന്നത്. കൂടുതല്‍ ജാഗ്രതയ്ക്കു വേണ്ടിയാണ് എന്നവർ പറയുന്നു . അനു പാപ്പച്ചന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചെന്നൈയിലെ ഫോട്ടോഗ്രാഫര്‍ ഡേവിഡേട്ടനെ (പി. ഡേവിഡ്) വിളിച്ചു ഫോണ്‍ വെച്ചതേയുള്ളൂ. കരച്ചില്‍ സഹിക്കാന്‍ വയ്യ.. ഇടറിക്കേട്ടു. അവള്‍ മരിച്ചു മോളെ.. 4 മണിക്ക്. പെങ്ങളാണ്. അവരുടെ വീട് നാട്ടില്‍ ഇരിങ്ങാലക്കുട, കല്ലേറ്റുംകരയിലാണ്.
ഇന്നലെ വിളിച്ചപ്പോഴും ഡേവിഡേട്ടന്‍ ആവലാതിയോടെ പറഞ്ഞു. 'മോളെ എവിടെയും വെന്‍റിലേറ്റര്‍ ഒഴിവില്ല. തൃശൂരും എറണാകുളത്തും തിരയാത്ത ആശുപത്രികളില്ല. പരിചയമുള്ള ഡോക്ടര്‍മാരുടെയും സുഹൃത്തുക്കളുടെയും നമ്പറുകളിലേക്ക് മാറി മാറി വിളിച്ചു കൊണ്ടിരിക്കയാണ്. '
വിശ്വാസം വരാതെ നിരവധി ആശുപത്രികളുടെ പേര് ഞാന്‍ മാറി മാറി പറഞ്ഞു. അതെല്ലാം തിരക്കി മോളെ. എവിടെയുമില്ല. അവളുടെ സ്ഥിതി വളരെ മോശമാണ്.ഓക്സിജന്‍ ലെവല്‍ വല്ലാതെ താഴ്ന്നതിനാല്‍ ദൂരെ എവിടേലും മാറ്റാന്‍ പേടിയാണ്. വലിയ റിസ്കാണ്. അതു കൊണ്ട് ജീവന്‍ രക്ഷ കൂടി നോക്കണം ' .
'എവിടെയെങ്കിലും കിട്ടും. വിഷമിക്കാതിരിക്കൂ. പിന്നെ വിളിക്കാമെന്ന് സമാധാനിപ്പിച്ചു. ' എവിടേലും കിട്ടിക്കാണും എന്ന ഉറപ്പോടെ വിളിച്ചിട്ട് എന്തായി ,വെന്‍റിലേറ്റര്‍ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ.
ആ മനുഷ്യന്റെ സങ്കടം കാതില്‍ പെയ്യുന്നു... വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങള്‍ എന്താണെന്നോ.....ഭയപ്പെടുത്താനല്ല, സങ്കടം കൊണ്ടാണ്, വേദനയോടെ പങ്കുവെക്കുന്നത്, കൂടുതല്‍ ജാഗ്രതയ്ക്കു വേണ്ടിയാണ്.
കൂടുതല്‍ ഉത്തരവാദിത്തം നാടൊന്നാകെ പുലര്‍ത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കാകെ ചെയ്യാന്‍ പറ്റുക. നമ്മുടെ വീട്ടില്‍ നിന്ന് രോഗികളുടെ എണ്ണം ഇല്ലാതാക്കുക / കുറക്കുക എന്നതാണ്. നമുക്കറിയാമത്.
എന്നാലും എന്നാലും കുറച്ച് ദിവസം അതീവ ജാഗ്രതയോടെ പുലര്‍ന്നുടേ നമുക്ക്.!
ഈ രണ്ടാഴ്ച്ച നിര്‍ണ്ണായകമാണ് എന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വാക്കുകള്‍ ക്ഷമയോടെ പ്രാവര്‍ത്തികമാക്കുക. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളവും താങ്ങാവുന്നതിലപ്പുറമായി സ്ഥിതിഗതികള്‍. ആംബുലന്‍സുകള്‍ റോഡില്‍ നിരന്തരമോടുകയാണ്.
ക്വാറന്റെനില്‍നിന്ന് ഓക്സിജന്‍ സിലിണ്ടറിലേക്കും വെന്റിലേറ്ററിലേക്കുo കൂടുതല്‍ രോഗികളെത്തുന്ന തരത്തില്‍ രോഗം മാരകമായിരിക്കുന്നു! രോഗവ്യാപനമൊന്നു ശമിച്ചാല്‍ പോയി കിടക്കാന്‍ ഒരു കിടക്ക കിട്ടുമെന്നെങ്കിലും സമാധാനിക്കാം.
മാധ്യമങ്ങളോട് ഒരപേക്ഷ തിരഞ്ഞെടുപ്പ് അവലോകന വിശകലനങ്ങള്‍ തല്ക്കാലം നിര്‍ത്തൂ. കോവിഡ് ബോധവല്ക്കരണവും ജനങ്ങള്‍ക്കുള്ള അവശ്യ നിര്‍ദ്ദേശങ്ങളും നല്കൂ. എല്ലാരോടും സ്നേഹം.
https://www.facebook.com/Malayalivartha
























