ധനമന്ത്രി സ്ഥാനം രാജീവില്‍ നിന്ന് മാറ്റിയതെന്തിന്? പിണറായിയുടെ തീരുമാനം അപ്രതീക്ഷിതം; കിഫ്ബി നോക്കി നടത്താന്‍ ഇവിടെ നിന്നു തന്നെ ആളു വരും എന്ന് വരെ പറഞ്ഞു; തോമസ് ഐസക് അന്ന് അങ്ങനെ പറഞ്ഞത് ഇതിനായിരുന്നോ?

പി.രാജീവിന് ധനമന്ത്രി സ്ഥാനം നല്‍കാനാണ് കഴിഞ്ഞ ദിവസം വരെ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജീവിന് വ്യവസായവും ബാലഗോപാലിന് ധനവും നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് തികച്ചും അപ്രതീക്ഷിതമായാണ് .
കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കുമ്പോഴും രാജീവിന് ധനകാര്യം നല്‍കാന്‍ തന്നെയാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എ വിജയരാഘവനും ഇങ്ങനെ തന്നെയാണ് കരുതിയത്. എന്നാല്‍ അവസാന ദിവസം മുഖ്യമന്ത്രി കോടിയേരിക്ക് നല്‍കിയ പട്ടികയില്‍ സാരമായ മാറ്റങ്ങളുണ്ടായി.
കെ.എന്‍. ബാലഗോപാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായതു മാത്രമല്ല കാരണം. വി എസ് അച്ചുതാനന്ദന്റെ സ്റ്റാഫില്‍ ബാലഗോപാലിനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് പിണറായിയാണ്. പരസ്പരം ഉടക്കി നിന്ന പിണറായിക്കും വി എസിനുമിടയിലെ പാലമായിരുന്നു ബാലഗോപാല്‍ .വി എസും പാര്‍ട്ടിയും തമ്മിലുള്ള ആശയ സംവേദനം നടന്നതും ബാലഗോപാലിലൂടെയായിരുന്നു.
അതിനു ശേഷം ബാലഗോപാലിന് രാജ്യസഭാ അംഗത്വം നല്‍കിയതും പിണറായി തന്നെ. എന്നാല്‍ അതൊന്നുമല്ല ബാലഗോപാലിന്റെ ധനമന്ത്രി പദവിക്ക് പിന്നിലുള്ളത്. അത് തോമസ് ഐസക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
തോമസ് ഐസക്കിന്റെയും എം.എ. ബേബിയുടെയും സ്‌കൂളില്‍ നിന്നാണ് പി. രാജീവ് രാഷ്ട്രീയാഭ്യാസം പഠിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കളമശേരിയില്‍ പ്രചരണത്തിനെത്തിയ ഐസക്ക് തന്റെ പാന്‍ഗാമിയായി രാജീവിനെ ഉയര്‍ത്തി കാണിച്ചിരുന്നു. കിഫ്ബി നോക്കി നടത്താന്‍ ഇവിടെ നിന്നു തന്നെ ആളു വരും എന്ന് വരെ പറഞ്ഞു.
ഐസക്കിനെയും ബേബിനെയും സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തിന് പണ്ടേ താത്പര്യമില്ല. സ്വന്തം കാബിനറ്റില്‍ മന്ത്രിയായിരിക്കെ പോലും ഐസക്കുമായി പിണറായി പലവട്ടം വിയോജിച്ചിരുന്നു. ഐസക്കിനെ സംബന്ധിച്ചടത്തോളം ഒരു മുഖ്യമന്ത്രി മാത്രമായിരുന്നു പിണറായി.സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ പിണറായിയും ഐസക്കും രണ്ടു ധ്രുവങ്ങളിലാണ് നിലകൊണ്ടിരുന്നത്. ഇങ്ങനെയൊക്കെ യാണെങ്കിലും എം.വി. ഗോവിന്ദനെ മറികടന്ന് വ്യവസായം രാജീവിനെ ഏല്‍പ്പിക്കാന്‍ പിണറായി തയ്യാറായി.
കന്നിയങ്കത്തില്‍ത്തന്നെ മന്ത്രിപദത്തില്‍ എത്തിയവര്‍ക്ക് കനപ്പെട്ട വകുപ്പുകള്‍ നല്‍കി ഉത്തരവാദിത്വം കൈമാറുകയാണ് സി.പി.എം ചെയ്തത്. ധനകാര്യം, വ്യവസായം, പൊതുമരാമത്ത്, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം നിയമസഭയില്‍ കന്നിക്കാരും യുവനിരക്കാരുമായ നേതാക്കള്‍ക്ക് നല്‍കിയത് തീര്‍ച്ചയായും ഒരു വിപ്ലവം തന്നെയാണ്.
സി.പി.എമ്മില്‍നിന്ന് കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു എന്നിവരാണ് നിയമസഭയില്‍ ആദ്യമായി അംഗങ്ങളായവരില്‍ മന്ത്രിസ്ഥാനത്തുള്ളത്. ഇവര്‍ക്കെല്ലാം പ്രധാന വകുപ്പുകള്‍തന്നെ നല്‍കി. കെ.കെ. ശൈലജയുടെ പിന്‍ഗാമിയായി എത്തുന്നത് വീണാ ജോര്‍ജിനെ തെരഞ്ഞടുത്തു.
പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവാണ് കെ.എന്‍. ബാലഗോപാല്‍. ചരക്ക്-സേവന ബില്‍ സംബന്ധിച്ചുള്ള പാര്‍ലമെന്റ് സെലക്ട് കമ്മിറ്റി അംഗമായിരുന്നപ്പോള്‍, സി.പി.എമ്മിന്റെ സാമ്പത്തിക നയകാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ആ കരുത്താണ്, സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറ ഒരുക്കാനുള്ള ഉത്തരവാദിത്വം ബാലഗോപാലിനെ ഏല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് ധൈര്യം പകരുന്നത്.
വ്യവസായവും നിയമവും പി. രാജീവിനെ ഏല്‍പ്പിക്കുന്നതിലൂടെ ആധുനിക കാഴ്ചപ്പാടാണ് സി.പി.എം. മുന്നോട്ടുവെക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പരിഷ്‌കാരങ്ങള്‍ക്ക് കാലാനുസൃതമായ മുന്നേറ്റം കൊണ്ടുവരാനുള്ള ദൗത്യമാണ് രാജീവിനുള്ളത്.
അടിസ്ഥാനസൗകര്യവികസനം ഇടതുപക്ഷവിജയത്തിന് ആക്കംകൂട്ടിയെന്ന വിലയിരുത്തലാണ്, പൊതുമരാമത്ത് വകുപ്പ് യുവാവായ മുഹമ്മദ് റിയാസിനു നല്‍കാനുള്ള പ്രേരകഘടകം. ടൂറിസം വകുപ്പുകൂടി അദ്ദേഹത്തിനുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനപരിചയം, ഭരണതലത്തിലേക്ക് കൊണ്ടുവരികയാണ് ബിന്ദുവിന് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശിവന്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കിയത് പാളിയെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ചില ലക്ഷ്യങ്ങള്‍ ഇക്കാര്യത്തില്‍ പിണറായിക്കുണ്ട്.
https://www.facebook.com/Malayalivartha























