തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹര്‍ജിയിലാണ് നടപടി. അയ്യപ്പന്‍, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭന്‍, ഗുരുദേവന്‍, ബലിദാനികള്‍ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് സിപിഎം നേതാവ് ഹര്‍ജി നല്‍കിയത്. ദൈവനാമത്തില്‍ എന്നതിനുപകരം പല ദൈവങ്ങളുടെ പേര് സത്യപ്രതിജ്ഞയില്‍ എങ്ങനെ പറയാനാകുമെന്ന് ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി ചോദിച്ചു.
ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ദീപക് ചൂണ്ടിക്കാട്ടിയത് തര്‍ക്കത്തിനിടയാക്കിയിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നാണ് കളക്ടര്‍ അനുകുമാരി പ്രതികരിച്ചത്. ഇതിനെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളില്‍ ഒപ്പിടുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























