നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണകോടതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നു എന്നതുള്‍പ്പെടെ പറഞ്ഞ ചാള്‍സ് ജോര്‍ജ് എന്നയാള്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുല്‍ ശശിധരന്‍, ഗിജീഷ് പ്രകാശ് എന്നിവര്‍ മുഖേന പി ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
ചാള്‍സ് ജോര്‍ജ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അടങ്ങിയ ഒരു യുഎസ്ബി ഫ്‌ലാഷ് െ്രെഡവും പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് എറണാകുളം സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ എറണാകുളം ജില്ലാ കോടതി കോംപ്ലക്‌സിന് മുന്നില്‍ വച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ചാള്‍സ് ജോര്‍ജ് ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. വിധി പറഞ്ഞ ദിവസം കോടതിയില്‍ ഉണ്ടായിരുന്ന ആളാണ് താനെന്ന അവകാശവാദത്തോടെയായിരുന്നു പ്രതികരണം.
വിധി പക്ഷപാതപരമാണെന്നും പ്രതി കോടതിയില്‍ വരുമ്പോള്‍ ജഡ്ജി ബഹുമാനപൂര്‍വം എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്നും വിധി നീചമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു എന്നെല്ലാമാണ് ചാള്‍സ് ജോര്‍ജ് പ്രതികരിച്ചത്. ഈ ആരോപണം ബോധപൂര്‍വം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതി.
https://www.facebook.com/Malayalivartha


























