കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാനായ കെ.പി.പി നമ്പ്യാര്‍ അന്തരിച്ചു

ഇലക്ട്രോണിക്‌സ് വിദഗ്ധനും കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാനുമായ പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാര്‍ (86) അന്തരിച്ചു. ബംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ ചൊവ്വാഴ്ച രാത്രി 7.50 ഓടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലത്തെിക്കും.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍, കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളില്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്തും വ്യവസായ വളര്‍ച്ചക്കും കെ.പി.പി നമ്പ്യാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.
1929 ഏപ്രില്‍ 15ന് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ ചിണ്ടന്‍ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായാണ് കെ.പി.പി നമ്പ്യാര്‍ എന്ന കുന്നത്തുവീട്ടില്‍ പത്മനാഭന്‍ നമ്പ്യാരുടെ ജനനം. തളിപ്പറമ്പ് ഹൈസ്‌കൂള്‍ പഠനത്തിനുശേഷം മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നാണ് എം.എസി ബിരുദം കരസ്ഥമാക്കിയത്. ട്രാന്‍സിസ്റ്റര്‍, സെമികണ്ടക്ടര്‍ എന്നീ വിഷയങ്ങളില്‍ ഗവേഷണ വിദ്യാര്‍ഥിയായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.
ഭാരത് ഇലക്ട്രോണിക്‌സില്‍ ക്രിസ്റ്റല്‍ ഡിവിഷന്റെ മേധാവിയായി 1958ല്‍ ജോലിയില്‍ പ്രവേശിച്ച കെ.പി.പി നമ്പ്യാര്‍ ഒരു വര്‍ഷത്തിനുശേഷം ബ്രിട്ടനിലെ ട്രാന്‍സിസ്റ്റര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ആപ്‌ളിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേധാവിയായി. 1963ല്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഫിലിപ്‌സ് ഇന്ത്യയില്‍ പ്രഫഷനല്‍ ഇലക്ട്രോണിക്‌സ് കംപോണന്റ്‌സ് മാനേജര്‍ (1964-67), ടാറ്റ ഇലക്ട്രോണിക്‌സില്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് മാനേജര്‍ (1967-73), മുംബൈ നാഷനല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബി.എന്‍.ആര്‍.ഇ.സി) ജനറല്‍ മാനേജര്‍ (1967-73) എന്നീ പദവികള്‍ വഹിച്ചു. ബി.എന്‍.ആര്‍.ഇ.സിയില്‍വെച്ച് ഇന്ത്യയിലാദ്യമായി എ.സി/ഡി.സി മോട്ടോറുകള്‍, സ്റ്റാറ്റിക് ഇന്‍വെര്‍ട്ടറുകള്‍, സ്റ്റാറ്റിക് കണ്‍വെര്‍ട്ടര്‍, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് ക്‌ളോക് എന്നിവയുടെ ആധുനിക രൂപങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടു.
1973ലാണ് കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്. 1983 വരെ ഈ സ്ഥാനത്തു തുടര്‍ന്ന നമ്പ്യാര്‍, 1983 മുതല്‍ \'85 വരെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കെല്‍ട്രോണിന്റെ ജോലികളില്‍ ഗ്രാമീണ വനിതാ സംഘങ്ങളെയും സൊസൈറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ പദ്ധതികള്‍ കെ.പി.പി നമ്പ്യാര്‍ നടപ്പാക്കി. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരുന്നു ഇത്. ഉമാദേവിയാണ് ഭാര്യ. സരോജിനി എല്‍. നമ്പ്യാര്‍, പത്മന്‍ ജി. നമ്പ്യാര്‍, കിരണ്‍ പി. നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















