ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി മോദി ചർച്ച നടത്തി. മൂന്ന് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം എക്‌സിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് മോദി വിശദീകരിച്ചു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണത്തിനുള്ള പിന്തുണ, ക്ലീൻ എനർജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ നൽകിയാകും പുതിയ സംരംഭം പ്രവർത്തിക്കുക.
ആഗോളതലത്തിൽ സിന്തറ്റിക് മയക്കുമരുന്നുകൾ വ്യാപിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഡ്രഗ്-ടെറർ നെക്‌സസ് (ലഹരി-ഭീകരവാദ ബന്ധം) ചെറുക്കുന്നതിനായി ഒരു പ്രത്യേക ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു.
മയക്കുമരുന്ന് കടത്ത് ശൃംഖലകളെ തകർക്കുക, നിയമവിരുദ്ധമായ പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുക, ഭീകരവാദ ഗ്രൂപ്പുകളുടെ ധനസഹായത്തിന്റെ പ്രധാന ഉറവിടം ദുർബലപ്പെടുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.
അതേസമയം ജി20 രാജ്യങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും നാഗരിക വിജ്ഞാനത്തിൽ വേരൂന്നിയതുമായ മാതൃകകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പറയുകയുണ്ടായി. അറിവ്, വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെ സഹകരണം പുനഃക്രമീകരിക്കാനായി ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെയ്ക്കുകയും ചെയ്തു.
ജി20 ഉച്ചകോടിക്ക് ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ വളർച്ച അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ നരേന്ദ്രമോദി ആഫ്രിക്കൻ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു നൈപുണ്യ പദ്ധതിയും പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















