പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഐസിയുവില്‍

പോലീസ് കസ്റ്റഡിയിലിരുന്ന യുവാവിനെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപിളളി പാറയ്ക്കല്‍ വിശ്വംഭരന്റെ മകന്‍ സിബി (40) യെയാണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായതായി കണ്ടതിനേത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഗവ. ആശുപത്രിക്കു മുന്നില്‍ അയല്‍വാസിയുമായി മദ്യലഹരിയില്‍ വാക്കുതര്‍ക്കം നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണു സിബിയെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയില്‍ സിമെന്റ് തറയില്‍ കിടന്നുറങ്ങിയതിനാല്‍ ശരീരം തണുത്ത് അവശത കാണിക്കുന്നതായി ഇന്നലെ രാവിലെ പോലീസുകാര്‍ മരങ്ങാട്ടുപിള്ളി ജങ്ഷനിലെ ഹോട്ടലിലെത്തി സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ അബോധാവസ്ഥയില്‍ കണ്ട സിബിയെ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. സിബിയെ പോലീസ് ക്രൂരമായി പീഡിപ്പിച്ചതായി ആരോപിച്ചു ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി.
മകന്‍ പിടിയിലായ വിവരമറിഞ്ഞു രാത്രി ഒമ്പതോടെ സ്‌റ്റേഷനിലെത്തി അന്വേഷിച്ച പിതാവ് വിശ്വംഭരനോടും മാതാവ് കത്രിനയോടും ലഹരി മാറാന്‍ പിന്‍വശത്തു കിടത്തിയിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.വൃദ്ധമാതാപിതാക്കള്‍ സ്‌റ്റേഷന്റ പിന്‍വശത്ത് എത്തിയപ്പോള്‍ മഴ നനഞ്ഞ് അബോധാവസ്ഥയില്‍ തുറസായ സ്ഥലത്തു കിടക്കുന്ന സിബിയെയാണ് കണ്ടത്. തിരികെ സ്‌റ്റേഷനില്‍ ഓടിയെത്തിയ മാതാവ് കരഞ്ഞുകാലുപിടിച്ച് മകനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. നിരന്തര യാചനയേതുടര്‍ന്നു രണ്ടു പോലീസുകാര്‍ ചേര്‍ന്നു കൈയിലും കാലിലും തൂക്കിപ്പിടിച്ചു സെല്ലിനു മുന്നിലെ തറയില്‍ കൊണ്ടുവന്നു കിടത്തി. ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചപ്പോള്‍ രാവിലെ വരാന്‍ പറഞ്ഞ് ഇരുവരെയും മടക്കി അയച്ചതായും പരാതിയില്‍ പറയുന്നു.
വാക്കുതര്‍ക്കത്തിനിടെ നിലത്തുവീണ സിബിയെ പോലീസ് കൂട്ടിക്കൊണ്ടുവന്നതായും മലമൂത്രവിസര്‍ജനം നടത്തിയ നിലയിലായിരുന്നതിനാല്‍ മഴയില്‍ കുളിപ്പിച്ചെന്നും ഇന്നലെ രാവിലെ അവശത കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പാലാ ഡിവൈ.എസ്.പി: ഡി.എസ്. സുനീഷ് ബാബു പറഞ്ഞു. ജാമ്യം നല്‍കാന്‍ രാത്രിതന്നെ പോലീസ് തയാറായെങ്കിലും സിബി അമിതമായി മദ്യപിച്ചിരുന്നതിനാല്‍ മാതാപിതാക്കള്‍ മടങ്ങിപ്പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















