അടവുകള്‍ എല്ലാം പിഴച്ച സിപിഐ(എം) എന്തിനും തയ്യാര്‍: വിട്ടുപോയവരെയെല്ലാം തിരിച്ചുകൊണ്ടുവരാതെ രക്ഷയില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം

പൊതുവില്‍ തിരിച്ചറിവുകള്‍ വളരെ വൈകി വരുന്ന പാര്‍ട്ടിയാണ് സിപിഐ(എം). ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ അന്ത്യം വിദൂരത്തല്ലെന്ന് തിരിച്ചറിവില്‍ എന്തിനും പാര്‍ട്ടി തയ്യാറാവുകയാണ്. അരുവിക്കരയില്‍ തോറ്റു എന്നതിലുപരി വിഷമിച്ചാണ് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനം എങ്കിലും കിട്ടിയത്. മുന്നണി വികസനം എന്നതാണ് ഇനി പാര്‍ട്ടിയുടെ പ്രധാന അജന്‍ഡ. അതിനായി സിപിഐ(എം) തന്നെ മുന്നിട്ടിറങ്ങും. കാലാകാലങ്ങളായി മുന്നണി വിട്ടവരെ നല്ലവാക്കുപറഞ്ഞ് തിരികെ കൊണ്ടുവരും. ഇനി പാര്‍ട്ടി നല്ല കുട്ടിയായിരിക്കും. സമസ്താപരാധം പറഞ്ഞ് പഴയ വല്ല്യേട്ടന്‍ പോയിട്ട് അപ്പാടെ ശൈലി മാറ്റും.
ഇതിനൊപ്പം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസിനെ ഇടതുപക്ഷത്ത് എത്തിക്കാനും ആലോചനയുണ്ട്. ബാര്‍ കോഴയില്‍ മാണിയെ കോടതിയും കുറ്റവിമുക്തനാക്കുന്ന സാഹചര്യമൊരുക്കി ഇടതു പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇടതു പക്ഷ ദൂതന്മാര്‍ ഈ ലക്ഷ്യവുമായി മാണിയെ സമീപിച്ചു കഴിഞ്ഞു. എന്നാല്‍ അരുവിക്കരയിലെ ജയത്തോടെ വലതു പക്ഷ രാഷ്ട്രീയം കരുത്തായി. പിന്നെ എന്തിന് കൂറുമാറണമെന്ന ചോദ്യമാണ് ദൂതന്മാരോട് മാണി ഉയര്‍ത്തുന്നത്.
എന്‍ കെ പ്രേമചന്ദ്രനെ പോലൊരു നേതാവിനെ മികച്ച രീതിയില്‍ അരുവിക്കരയില്‍ ഉപയോഗിച്ചു. മണ്ഡലത്തിലുടനീളം സജീവമായിരുന്നു പ്രേമചന്ദ്രന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ അരുവിക്കര പ്രചരണത്തില്‍ നിറഞ്ഞത് ആര്‍എസ്പിയുടെ നേതാവാണ്. ശബരിനാഥന്റെ പത്രികാ സമര്‍പ്പണം മുതല്‍ എല്ലായിടത്തും പ്രേമചന്ദ്രന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇതിലൂടെ ആര്‍എസ്പി വോട്ടുകളെല്ലാം ശബരിനാഥന് അനുകൂലമായി സമാഹരിച്ചു.
ആര്‍എസ്പിയെ ഇടതു മുന്നണിയുടെ അനിവാര്യതയാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. എന്നാല്‍ സിപിഎമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവത്തിനെ അംഗീകരിക്കില്ലെന്ന് ആര്‍എസ്പി വ്യക്തമാക്കി കഴിഞ്ഞു. ശൈലിമാറ്റത്തിന് സിപിഐ(എം) തയ്യാറാകില്ലെന്നാണ് പ്രേമചന്ദ്രന്‍ പറയുന്നത്. അതുകൊണ്ട് തന്നെ മടങ്ങിപോക്കിനുമില്ല. എന്നാല്‍ ശൈലിമാറ്റമുണ്ടായാല്‍ മടങ്ങിപ്പോക്കിന് ആര്‍എസ്പി തയ്യാറാകുമെന്നാണ് സൂചന. ആര്‍ എസ് പി ഉള്‍പ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നു എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കു പോകാന്‍ ആര്‍എസ്പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനെ മുന്നണിയില്‍ അടുപ്പിക്കുന്നതിന് കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. വ്യക്തമായ ഉറപ്പുകള്‍ നല്‍കി വീരേന്ദ്ര കുമാറിനെ കൊണ്ടു വരാനാണ് നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുള്‍പ്പെടെ മികച്ച പരിഗണന നല്‍കാമെന്ന് ജെഡിയു നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലെ ജനതാദള്ളും വീരേന്ദ്രകുമാറിനെ മുന്നണിയില്‍ എത്തിക്കുന്നതിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രതിസന്ധികളൊന്നും ഇടതു പക്ഷത്തിനില്ല.
സിപിഐയും മറ്റ് ഘടകകക്ഷികളും മുന്നണി വിപുലീകരണത്തിന് അനുകൂലമാണ്. സിപിഐയുടെ സി ദിവാകരന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ മുന്നണി നേതൃത്വം ചെയ്യണം. ഇവര്‍ക്കൊപ്പം മറ്റു പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് അടിത്തറ വികസിപ്പിക്കണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷം സമരശൈലിയും പ്രവര്‍ത്തനശൈലിയും മാറ്റാന്‍ തയ്യാറാകണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു. യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടി വേണം. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം. അരുവിക്കരയിലേത് എല്‍ഡിഎഫിന്റെ തോല്‍വിയാണ്. ഈ തോല്‍വിയില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും സി ദിവാകരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















