കനത്ത മഴ; പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പുയരുന്നു... മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്നു

ജില്ലയില്‍ കനത്ത മഴ. ഇന്നലെ രാത്രിയിലും ഇന്നുമായി പെയ്ത മഴയിൽ പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പുയരുകയാണ്. മണിയാർ, മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്.
മണിയാർ അണക്കെട്ടിന്‍റെ നാലു ഷട്ടറുകൾ 50 സെന്‍റീമീറ്റർ ഉയർത്തി. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പ കാക്കട്ട് ആറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി.
പെരുനാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അരയാഞ്ഞിലിമണ്‍ ക്രോസ് വേയും കുരൂമ്പന്മൂഴി ക്രോസ് വേയും വെള്ളത്തിൽ മുങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾക്ക് പുറത്തേക്കുള്ള ഏക വഴിയാണ് വെള്ളത്തിൽ മുങ്ങിയ അരയാഞ്ഞിലിമണ്‍ ക്രോസ് വേ.
മഴയ്ക്ക് ശമനമില്ലാത്തതിനാൽ നദികളിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വനത്തില്‍ ഉരുള്‍പൊട്ടിയതയും സംശയിക്കുന്നുണ്ട്.
കല്ലാർകുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകളും രാവിലെ തുറന്നിരുന്നു . കാലവർഷത്തിന്‍റെ ഭാഗമായി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാലും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാലും മുൻകരുതൽ എന്ന നിലയിലാണ് ഷട്ടറുകൾ തുറന്നത്.
കൂടാതെ ജില്ലയിൽ ശക്‌തമായ മഴ തുടരുന്നതും അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാന്‍ കാരണമായി.
https://www.facebook.com/Malayalivartha
























