കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി

പത്മനാഭ സ്വാമിയുടെ പാവന ഭൂമിയില്‍ വരാനായത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് വികസനത്തിന് പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അമൃത് ഭാരത്, പാസഞ്ചര്‍ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളേയെന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.
'കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് ഒരു പുതിയ ദിശാബോധം കൈവന്നു. രാജ്യത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്നുണ്ടാകും. വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകും. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്.
കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം ഐതിഹാസികമാണ്. ഈ വിജയം കേരളത്തില്‍ മാത്രമല്ല രാജ്യത്താകമാനം അലയടിക്കുകയാണ്. വികസിത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വിജയമാണിത്. ഇടതുവലത് പാര്‍ട്ടികളുടെ അഴിമതി ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കും.
ദരിദ്ര വിഭാഗങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. 12 ലക്ഷത്തോളം വാര്‍ഷിക വരുമാനത്തിന് ആദായനികുതി ഒഴിവ് നല്‍കി. ഇതിലൂടെ കേരളത്തിലെ മദ്ധ്യവര്‍ഗക്കാര്‍ക്കും ശമ്പളം വാങ്ങുന്നവര്‍ക്കും പ്രയോജനം ലഭിച്ചു. മുന്‍പ് തെരുവില്‍ കച്ചവടം ചെയ്യുന്നവരുടെ കാര്യം വലിയ കഷ്ടമായിരുന്നു. 100 രൂപയെങ്കിലും വായ്പയ്ക്ക് വലിയ പലിശയാണ് നല്‍കേണ്ടി വന്നത്.
പിഎം സ്വ നിധി ഇതിനൊരു പരിഹാരമാണ്. ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ തുടങ്ങിയത് ഈ പദ്ധതി വഴിയാണ്. ഇന്ന് ഭാരത് സര്‍ക്കാര്‍ പി എം സ്വ നിധി ക്രെഡിറ്റ് കാര്‍ഡുകളും നല്‍കി. തിരുവനന്തപുരത്തുനിന്ന് മാത്രം 6,000 പേര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചു. ധനികര്‍ക്ക് മാത്രമായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരുന്നത്. ഇന്ന് തെരുവ് കച്ചവടക്കാരുടെ കൈയിലും സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്' മോദി പറഞ്ഞു.
https://www.facebook.com/Malayalivartha






















