തിങ്കളാഴ്ച 12 മണിക്കൂർ ജനകീയ നിരാഹാരം: ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരും : ഇനി പിന്നോട്ടില്ല: അതി നിർണായക നീക്കവുമായി ലക്ഷദ്വീപ് ജനത

സകലരെയും ഞെട്ടിച്ചു ലക്ഷദ്വീപിൽ ആ നിർണായക നീക്കം. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ഇനി കൈയുംകെട്ടി നോക്കിനിൽക്കാൻ തയ്യാറല്ല എന്ന് ഉറച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാകുകയാണ് . തിങ്കളാഴ്ച 12 മണിക്കൂർ ജനകീയ നിരാഹാരം നടത്തും. ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരാനും കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗം തീരുമാനിച്ചു.
മുഴുവൻ ദ്വീപുവാസികളെയും സമരമുഖത്ത് സജീവമാക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ഇതിനായി ഓരോ ദ്വീപുകൾ കേന്ദ്രീകരിച്ചും ഫോറത്തിന്റെ കമ്മിറ്റികൾക്ക് രൂപം നൽകും. അതാത് ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തന്നെയായിരിക്കും കമ്മിറ്റികൾ രൂപീകരിക്കുന്നത്. തുടർന്ന് എല്ലാ ദ്വീപുകളെയും ഏകോപിപ്പിച്ചു കൊണ്ട് സമരത്തിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 7 ന് മുഴുവൻ ദ്വീപുകളിലും നിരാഹാര സമരം നടക്കുകയും ചെയ്യും . അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങും.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കും വരെ വിവിധ പ്രതിഷേധങ്ങളും ഒപ്പം ഹൈക്കോടതിയിൽ നിയമ പോരാട്ടവും തുടരും. ഇതിനായി നിയമ വിദഗ്ധരടങ്ങിയ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നടക്കം ലഭിക്കുന്ന വലിയ പിന്തുണ സമരത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് ഫോറം ഭാരവാഹികൾ പറയുന്നു. ദേശീയതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടതോടെ ദ്വീപ് നിവാസികളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ കൊണ്ടുവരാൻ വേഗം കഴിയുമെന്നും എല്ലാ പാർട്ടികളും കൂട്ടായി രൂപീകരിച്ച കോർ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
അതേ സമയം രണ്ടു മൂന്നു ദിവസം മുന്നേ മറ്റൊരു നിർണായക പ്രതിഷേധം കൂടെ ലക്ഷദ്വീപിൽ അരങ്ങേറിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ലക്ഷദ്വീപിലും കേരളത്തിലും ശക്തമായി നടന്നിരുന്നു. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും വീട്ടുമുറ്റ പ്രതിഷേധം അരങ്ങേറി. അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളെഴുതിയ പ്ലക്കാർഡുകളേന്തിയുള്ള പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. കലക്ടറുടെ വിവാദ പരാമർശങ്ങൾക്കെതിരെ കിൽത്താൻ ദ്വീപിലെ തെരുവിൽ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തതിനു 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെയാണു വീട്ടുമുറ്റ പ്രക്ഷോഭത്തിന് ആഹ്വാനമുണ്ടായത്.
https://www.facebook.com/Malayalivartha