സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ല; ബിജെപി നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിലും അതൃപ്തി

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നു ആവര്‍ത്തിക്കുമ്പോഴും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിരോധിക്കാന്‍ മറ്റാരുമെത്താത്തതും ചര്‍ച്ചയാകുന്നു. കെ.സുരേന്ദ്രന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നതായാണ് വാര്‍ത്തകള്‍. അതേസമയം ബിജെപി നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ കുഴല്‍പ്പണ വിവാദവും ഏറ്റവും ഒടുവില്‍ സി.കെ ജാനുവുമായുള്ള പണമിടപാടും സുരേന്ദ്രനെ തിരിഞ്ഞു കുത്തുകയാണ്. പ്രസീതയുമായി നടന്ന ടെലഫോണ്‍ സംഭാഷണത്തെ അദ്ദേഹം നിഷേധിച്ചിട്ടുമില്ല. ഇതെല്ലാം സുരേന്ദ്രന്റെ പ്രതിഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതേവരെ ചോദ്യം ചെയ്ത നേതാക്കളെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. തെരഞ്ഞടുപ്പ് പ്രചാരണ സാമഗ്രികളുമായാണ് ധര്‍മരാജ് തൃശൂരില്‍ എത്തിയതെന്നാണ് ബി.ജെ.പി ജില്ലാ ഭാരവാഹികള്‍ പൊലിസിനോട് പറഞ്ഞത്. എന്നാല്‍ എന്ത് പ്രചാരണ സാമഗ്രിയാണെന്ന ചോദ്യത്തിന് അതറിയാന്‍ ലെഡ്ജര്‍ പരിശോധിക്കണമെന്നായിരുന്നു നേതാക്കളുടെ മറുപടി.
ബി.ജെ.പി നടത്തിയ പണമിടപാട് മുഴുവന്‍ ഡിജിറ്റല്‍ രൂപത്തിലാണെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, സി.കെ ജാനുവിന് 10ലക്ഷം രൂപ ഹോട്ടലില്‍ വന്നാല്‍ നല്‍കാം എന്ന് പറയുന്ന സംഭാഷണം ഇത്തരം കള്ളപ്പണ ഇടപാടുകള്‍ സുരേന്ദ്രന്‍ നടത്തിയിരുന്നു എന്നതിന്റെ സൂചനയായി അന്വേഷണ സംഘം കാണുന്നു.
കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ആലപ്പുഴ ജില്ലാ ട്രഷററുടെയും മേഖലാ സെക്രട്ടറിയുടെയും മൊഴി നീളുന്നതും കെ സുരേന്ദ്രനിലേക്കാണ്. ഇന്നലെ ആലപ്പുഴ മേഖലാ ട്രഷറര്‍ പത്മരാജനെ ചോദ്യം ചെയ്തതോടെ കേസിന്റെ നിര്‍ണായകമായ മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
https://www.facebook.com/Malayalivartha