ആര്‍എസ്പി പിളരുന്നു... എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തില്‍എത്തിക്കാന്‍ സിപിഎം അണിയറനീക്കം

പിണറായി വിജയന്‍ പരനാറി എന്നു വിളിച്ച എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തില്‍എത്തിക്കാന്‍ സിപിഎം അണിയറനീക്കം.
ഇടതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നകോവൂര്‍ കുഞ്ഞുമോനെ ഇടനില നിറുത്തി കൊല്ലത്ത് ആര്‍എസ്പിയെപിളര്‍ത്താനുള്ള നീക്കം ഏറെക്കുറെ വിജയിക്കുമെന്നാണ് സൂചന. മാത്രവുമല്ല ആര്‍എഎസ്പിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും അടിയന്തിരമായി യുഡിഎഫ് വിടണമെന്ന് അഭിപ്രായത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു.
കേരള കിസിഞ്ചര്‍ ബേബി ജോണ്‍, എവി താമരാക്ഷന്‍, ടികെ ദിവാകരന്‍ തുടങ്ങി വന്‍നിര നേതാക്കള്‍ മൂന്നു പതിറ്റാണ്ട് കൊല്ലത്തെ അജയ്യശക്തിയായി നയിച്ച പാര്‍ട്ടിക്ക് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒരൊറ്റ എംഎല്‍എയെപോലും വിജയിപ്പിക്കാനായില്ല.
ഒരേ സമയം അഞ്ച് എംഎല്‍എമാരെ വിജയിപ്പിച്ച ചരിത്രമുള്ള പാര്‍ട്ടിയില്‍ സ്ഥാപനനേതാവിന്റെ മകന്‍ ഷിബു ബേബി ജോണ്‍പോലും വട്ടപ്പൂജ്യമായി മാറി. യുഡിഎഫില്‍ നിന്നാല്‍ പാര്‍ട്ടി തീര്‍ന്നുപോകും എന്ന ആശങ്കയിലാണ് ഒരു വിഭാഗം ഇടതേക്കു ചായുന്നത്. അതേ സമയം എംകെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ യുഡിഫ് വിട്ട് പിണറായിക്കൊപ്പം പോകുന്നതിനോടു യോജിക്കുന്നുമില്ല.
ആര്‍.എസ്.പിയെ ഇടതുമുന്നണിയിലേക്ക് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ക്ഷണിച്ചപ്പോള്‍ നിലവില്‍ സിപിഎം വരാന്തയില്‍ നിറുത്തിയിരിക്കുന്ന കുഞ്ഞുമോന്‍ ആദ്യം എല്‍ ഡി എഫില്‍ കയറട്ടെയെന്ന് ഷിബു ബേബി ജോണ്‍പറഞ്ഞിരുന്നു.
പക്ഷെ അനൈക്യമില്ലാതെ അടിപിടി തുടരുന്ന യുഡിഎഫില്‍ ഇനി തുടര്‍ന്നിട്ടു കാര്യമില്ലെന്ന ഉറച്ച നിലപാടുകാരനായ മുന്‍മന്ത്രി ഷിബു ആറു മാസത്തെ അവധിയില്‍ സ്ഥലം വിടുകയും ചെയ്തിരിക്കുന്നു. ഇതേ സമയം പാര്‍ട്ടിയുടെ ഏക എം.പിയായ എന്‍.കെ.പ്രേമചന്ദ്രനെ കോവൂര്‍ കുഞ്ഞുമോന്‍ ഇടതിലേക്ക് സ്വാഗതം ചെയ്യുന്നുമില്ല.
എല്‍ഡിഎഫ് വിട്ട് വന്ന ശേഷം പത്തു വര്‍ഷമായി ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാന്‍ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പിലും ആര്‍എസ്പി പ്രാതിനിധ്യം നാമമാത്രം. ആര്‍എസ്പിയുടെ ശക്തി കേന്ദ്രവും മുന്‍പ് ബേബി ജോണ്‍ ആറു തവണ വിജയം ആവര്‍ത്തിച്ച മണ്ഡലവുമായ ചവറയില്‍ പോലും പാര്‍ട്ടി ഇത്തവണ തോറ്റു.
ഇനിയും യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ഗുണം ചെയ്യില്ലെന്ന വികാരത്തില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേരുകയും അതനുസരിച്ചുള്ള പ്രസ്താവനകള്‍ പുറത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ ആര്‍എസ്പിക്ക് അകത്ത് ഉള്‍പ്പോരു കനക്കുകയാണ്.്എന്നാല്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുന്നണിമാറ്റം ചില നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പില്‍ തോറ്റയുടന്‍ മുന്നണിവിടുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന് എ എ അസീസ് പറഞ്ഞു വയ്ക്കുന്നത്.
അന്തിമ തീരുമാനമെടുക്കാന്‍ കോവിഡ് വ്യാപന തീവ്രത കഴിഞ്ഞാലുടന്‍ ഓഗറ്റില്‍ കൊല്ലത്ത് പാര്‍ട്ടി നേതൃയോഗം വിളിച്ചിരിക്കുകയാണ്.അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇടതുമുന്നണിയില്‍ ഇടം പിടിക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന കമ്മിറ്റിയിലെ 45 അംഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്ലീനറി സമ്മേളനത്തിന് സമാനമായ യോഗം വിളിച്ച് ചേര്‍ക്കുന്നത് വഴി മുന്നണിമാറ്റ വിഷയം വിപുലമായ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് സംസ്ഥാന സെക്രട്ടറിയടക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. അതേസമയം എന്‍കെ പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഇതിനോട് യോജിക്കുന്നില്ല.
സിപിഎമ്മും സിപിഐയുമൊക്കെ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ ആര്‍എസ്പിയുടെ മുന്നണി പ്രവേശം വരും ദിവസങ്ങളില്‍ സജീവചര്‍ച്ചയിലേക്കു വരികയാണ്.ഇങ്ങനെ പോയാല്‍ പാര്‍ടിയുടെ അവസ്ഥ എന്താകും. കെപിസിസി പ്രസിഡന്റിനെപ്പോലും തെരഞ്ഞെടുക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് എന്തുകാര്യം. യുഡിഎഫില്‍ തുടര്‍ന്നാല്‍ പാര്‍ടി എവിടെച്ചെന്നു നില്‍ക്കും. ഈ സ്ഥിതി സ്വയം കുഴിതോണ്ടുന്നതിനു തുല്യമാണ്- തിരുവനന്തപുരത്ത് ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തരത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടുന്ന സീറ്റുകളാണ് കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ചത്.
ജയിക്കാവുന്നിടത്ത് കോണ്‍ഗ്രസ് കാലുവാരുകയും ചെയ്തു. ചവറയില്‍ ഉള്‍പ്പെടെ അതാണ് സംഭവിച്ചതെന്നും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ഇടതുപക്ഷ സ്വഭാവം വീണ്ടെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കണമെന്ന് അഭിപ്രായമാണ് ബാബു ദിവാകരനും പറഞ്ഞിരിക്കുന്നത്.
2014 ല്‍ കൊല്ലം പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ ഇടതുബാന്ധവം ഇട്ടെറിഞ്ഞ് യു.ഡി.എഫിനൊപ്പം ചേരുമ്പോള്‍ ഇത്രയേറെ ദയനീയമാകും ഭാവിയെന്ന് പാര്‍ട്ടി കരുതിയില്ല.
തുടര്‍ച്ചയായി ചവറയില്‍ രണ്ടാം തവണയും മത്സരിച്ച് തോറ്റ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോണ്‍ പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേക്ക് അവധിയെടുക്കാന്‍ തീരുമാനിച്ചതാണിപ്പോള്‍ ചര്‍ച്ചാ വിഷയമായതും ഭിന്നത മറ നീക്കി പുറത്തുവന്നതും. ആര്‍.എസ്.പി എന്തിനായിരുന്നു ഇടതുമുന്നണി വിട്ടതെന്ന ചോദ്യമാണിപ്പോള്‍ പാര്‍ട്ടി അണികള്‍ നേതൃത്വത്തോട് ഉന്നയിക്കുന്നത്. ഇടതുമുന്നണിയില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ എം.എല്‍.എ മാരും മന്ത്രിയും ഉണ്ടാകുമായിരുന്നുവെന്നും അണികള്‍ ഉറച്ചു വിശ്വസിക്കുന്നു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ എന്‍.കെ പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന പാര്‍ട്ടി ആവശ്യം സി.പി.എം നിരാകരിച്ചതാണ് തിടുക്കത്തിലുള്ള മുന്നണിമാറ്റത്തിന് ആര്‍.എസ്.പി യെ പ്രേരിപ്പിച്ചത്.
കൊല്ലം സീറ്റില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഏകപക്ഷീയമായി പ്രഖ്യാപിച്ചതും ആര്‍.എസ്.പിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചു. 1980 മുതല്‍ ഇടതു മുന്നണിയുടെ ഭാഗമായിരുന്ന ആര്‍.എസ്.പി അങ്ങനെ ആ പാളയത്തില്‍ നിന്ന് യു.ഡി.എഫിലെത്തി.
തുടര്‍ന്ന് കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയെ തറപറ്റിച്ച് പ്രേമചന്ദ്രന്‍ ലോക് സഭയിലേക്ക് പോയെങ്കിലും അന്നുമുതല്‍ പ്രേമചന്ദ്രന്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറി. അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.
2014 ന് ശേഷം 2019 ലും പ്രേമചന്ദ്രന്‍ കൊല്ലത്തുനിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മറ്റൊരു തിരഞ്ഞെടുപ്പിലും ആര്‍.എസ്.പി ക്ക് നേട്ടം ഉണ്ടാക്കാനായില്ല. കേരളത്തിലെ പ്രമുഖ തൊഴിലാളി വിപ്ളവ പ്രസ്ഥാനമായി വളര്‍ന്ന ആര്‍.എസ്.പി ഒരുകാലത്ത് സി.പി.എമ്മിനെയും സി.പി.ഐയെക്കാളും സ്വാധീനവും ശക്തിയുമുള്ള തൊഴിലാളി പ്രസ്ഥാനമായിരുന്നു. ബേബി ജോണിനെയും ടി.കെ ദിവാകരനെയും
എന്‍.ശ്രീകണ്ഠന്‍ നായരെയും പോലെ തലയെടുപ്പുള്ള നേതാക്കളായിരുന്നു പാര്‍ട്ടിയുടെ ശക്തി. ഇക്കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പില്‍ ബാബുദിവാകരനും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇരവിപുരത്ത് മത്സരിച്ചെങ്കിലും ജയിച്ചില്ല.
പ്രേമചന്ദ്രന്റെ വ്യക്തി താത്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് 2014 ല്‍ ആര്‍.എസ്.പി ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ചതെന്ന് വിമര്‍ശിക്കുന്നവര്‍ ആര്‍.എസ്.പിയില്‍ തന്നെയുണ്ട്. രാഷ്ട്രീയമായല്ല, മറ്റുചില ഘടകങ്ങളാണ് ചവറയില്‍ ഇക്കുറി വിധി നിര്‍ണ്ണയിച്ചതെന്ന് ഷിബു ബേബി ജോണ്‍ കരുതുന്നു. നായര്‍ വോട്ടുകള്‍ ഏകീകരിച്ചതാണ് അവിടെ പരാജയകാരണമെന്നു തിരിച്ചറിഞ്ഞ ഷിബു, തനിക്ക് ആര്‍.എസ്.പി, കോണ്‍ഗ്രസ് വോട്ടുകളും കിട്ടിയിട്ടില്ലെന്ന് തുറന്നടിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ മാത്രം യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയിരുന്നതിനാല്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഷിബു ബേബി ജോണ്‍.
ഒന്നുകില്‍ പാര്‍ട്ടി ഒന്നാകെ അല്ലെങ്കില്‍ പ്രേമചന്ദ്രന്‍ ഗ്രൂപ്പ് ഒഴികെ ആര്‍എസ്പിയിലെ പ്രബല വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ ഇനി മാസങ്ങള്‍ കാത്തിരുന്നാല്‍ മതിയാകും.
https://www.facebook.com/Malayalivartha