'മാസ്ക് വയ്ക്കാത്തതെന്ത് എന്ന് ചോദിച്ചതിന് അജേഷ് സാറിന്റെ തലയിൽ കരിങ്കല്ലു കൊണ്ടിടിച്ചു. ഇപ്പോൾ തലയോട്ടിയുടെ ഭാഗങ്ങൾ അജേഷ് സാറിന്റെ വയർ കീറി അതിനകത്ത് സ്ഥാപിച്ചിരിക്കുകയാണ്....' വൈറലായി കുറിപ്പ്
മറയൂരിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥരെ യുവാവ് കല്ലു കൊണ്ട് തലയ്ക്കിടിച്ച് പരുക്കേല്പിച്ചതായി റിപ്പോർട്ട്. മറയൂർ സിഐ ജി.എസ്. രതീഷ് (40), സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ (38) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. ഇരുവരെയും ആക്രമിച്ച കാന്തല്ലൂർ കോവിൽക്കടവ് സ്വദേശി സുലൈമാനെ (26) പൊലീസ് അറസ്റ്റുചെയ്യുകയുണ്ടായി.
കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ടൗണിൽ ചൊവ്വാഴ്ച രാവിലെ 10.10 നായിരുന്നു സംഭവം നടന്നത്. കുഴഞ്ഞുവീണ രണ്ടുപേരെയും നാട്ടുകാരുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തന്നെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അജീഷ് പോളിന്റെ തലയോട്ടി പൊട്ടിയതിനാൽ മൂന്നു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട് ദി വേൾഡ് മലയാളി ക്ലബ്ബിൽ പങ്കുവച്ച കുറിപ്പ് കണ്ണീരണിയിക്കുന്നതാണ്.
വിക്രം രാമചന്ദ്രൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇത് മറയൂർ പൊലീസ് സ്റ്റേഷനിലെ 38 വയസുള്ള പൊലീസുകാരൻ അജേഷ് പോൾ. മാസ്ക് വയ്ക്കാത്തതെന്ത് എന്ന് ചോദിച്ചതിന് അജേഷ് സാറിന്റെ തലയിൽ കരിങ്കല്ലു കൊണ്ടിടിച്ചു. തലയോട്ടിയുടെ ഒരു ഭാഗം തകർന്നു പോയി. ഇപ്പോൾ തലയോട്ടിയുടെ ഭാഗങ്ങൾ അജേഷ് സാറിന്റെ വയർ കീറി അതിനകത്ത് സ്ഥാപിച്ചിരിക്കുകയാണ്.
ശരീര താപനിലയിൽത്തന്നെ അത് സൂക്ഷിക്കേണ്ടതുണ്ട് എന്നതിനാലാണ് വയറ്റിനകത്ത് വയ്ക്കുന്നത്. 38 വയസുള്ള ആരോഗ്യവാനായിരുന്ന അജേഷ് സർ തീർച്ചയായും തിരിച്ചുവരും. വന്നേ പറ്റൂ. ആ കണ്ണുകളിലെ തിളക്കവും ആത്മവിശ്വാസവും ഇനിയും നിയമപാലനത്തിന്റെ കാവൽ ഭടനായി നിൽക്കുമ്പോൾ അങ്ങനെ തന്നെയുണ്ടാകും. ഉണ്ടാകണം.
സഹിക്കാൻ പറ്റണില്ല സാറേ... നാം അനുഭവിക്കാത്ത ജീവിതങ്ങൾ മുഴുവൻ നമുക്ക് കെട്ടുകഥകളാണല്ലോ. കാക്കിയിട്ടു പോയതിനാൽ അവനതു വേണം എന്നു ചിന്തിക്കുന്നവർ വരെയുണ്ട് നമുക്കിടയിൽ... ഏതായാലും അജേഷ് സർ തിരിച്ചുവരും എന്നുറച്ചു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണു ഞാനും.
https://www.facebook.com/Malayalivartha