15 ലക്ഷം രൂപ ആദ്യം വാഗ്ദാനം നൽകി: ജയിച്ചു കഴിഞ്ഞിട്ട് ബാക്കി നോക്കാം എന്ന് പറഞ്ഞു: കെ സുരേന്ദ്രനെതിരെ നിർണായക വെളിപ്പെടുത്തലുമായി സുന്ദര

കൊടകര കുഴൽപണം കേസിൽ നാലു സൈഡിൽ നിന്ന് കെ സുരേന്ദ്രനെ വെട്ടിലാക്കുന്ന നീക്കങ്ങൾ ആണ് നടക്കുന്നത്.ഇപ്പോൾ ഇതാ മറ്റൊരു നിർണായക വെളിപ്പെടുത്തൽ കൂടി വരികയാണ്. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരയ്ക്ക് പിന്മാറാൻ രണ്ടര ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നൽകിയതെന്നും സുന്ദര വെളിപ്പെടുത്തിയിരിക്കുന്നു.
ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു.
2016-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha