മാസ്ക് വെക്കാത്തത് ചോദ്യം ചെയ്ത സിവില്‍ പൊലീസ് ഓഫിസറെ ക്രൂരമായി ആക്രമിച്ചു; തലക്ക് ഗുരുതര പരിക്കേറ്റ അജീഷിന്റെ തലയോട്ടി പൊട്ടി, ഗുരുതമായി പരിക്കേറ്റ അജീഷ് പോളിനായി പ്രാര്‍ഥനയോടെ കുടുംബം
മാസ്ക് വെക്കാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ക്രൂരമായി ആക്രമിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. മകനായി പ്രാര്‍ഥനയോടെ കുടുംബം കാത്തിരിക്കുകയാണ്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മകന് എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് പിതാവ് ചിലവ് വാളനാകുഴിയില് പോള്‍ വര്‍ഗീസും അമ്മ അച്ചാമ്മയും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ അജീഷിനെ മറയൂര്‍ കോവില്‍കടവ് സ്വദേശി സുലൈമാന്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അജീഷിന്റെ തലയോട്ടി പൊട്ടിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. 2011ല്‍ സര്‍വിസില്‍ പ്രവേശിച്ച അജീഷ് മൂന്നുവര്‍ഷമായി മറയൂര്‍ സ്റ്റേഷനിലാണ് ജോലി ചെയ്തുവന്നത്.
കുളമാവ്, ഇടുക്കി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ആരുമായും ഒരുവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നയാളല്ല മകനെന്ന് പോള്‍ പറയുകയാണ്. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം അവനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. അവിവാഹിതനായ അജീഷിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. മൂത്തയാള്‍ സജീവാണ് ഇപ്പോള്‍ ആശുപത്രിയില്‍ അജീഷിനൊപ്പം നില്‍ക്കുന്നത്. ജിജിയാണ് സഹോദരി.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ സഹായവുമുണ്ടെന്നും പോള്‍ പറഞ്ഞു. ഒരു തവണയേ ആശുപത്രിയില്‍ പോയി കാണാന്‍ സാധിച്ചിട്ടുള്ളു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുള്ളതിനാല്‍ വീട്ടില്‍തന്നെ പ്രാര്‍ഥനകളുമായി കഴിയുകയാണ് കുടുംബം. കുറ്റം ചെയ്തയാള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പോളിന് പറയാനുള്ളത്. കോവിഡ് ഡ്യൂട്ടിക്കിടെയായിരുന്നു ആക്രമണമെന്നതാണ് ഏറെ സങ്കടമുണ്ടാക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. കൂടാതെ വധശ്രമത്തിനും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സുലൈമാനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha