മേലുദ്യോഗസ്ഥനിൽ നിന്ന് ഭീഷണി; ഈട്ടി വെട്ടിയവരെകണ്ടെത്തിയ റേഞ്ച് ഓഫിസര്‍ക്ക് മേലുദ്യോഗസ്ഥന്റെ പീഡനം, താനും കുടുംബവും അനുഭവിച്ചത് കൊടിയ മാനസിക പീഡനവും ഭീഷണിയുമാണെന്ന് റേഞ്ച് ഓഫിസർ പരാതി
വയനാട് മുട്ടിൽ ഈട്ടിമരംകൊള്ളയിൽ പ്രതികൾക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന് പീഡനം. മേലുദ്യോഗസ്ഥനിൽ നിന്ന് ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പാടി റേഞ്ച് ഓഫിസർ വനം മേധാവിക്കു നൽകിയ പരാതി പുറത്തായി. താനും കുടുംബവും അനുഭവിച്ചത് കൊടിയ മാനസിക പീഡനവും ഭീഷണിയുമാണെന്ന് റേഞ്ച് ഓഫിസർ പരാതിയിൽ വ്യക്തമാക്കുകയാണ്. ഇതേതുടർന്ന് വയനാട് എസ്പിക്കും കലക്ടർക്കും ഇദ്ദേഹം ഇതേ പരാതി നൽകുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരമാണ് വനം മേധാവിക്കു നൽകിയ പരാതി പുറത്തു വന്നത് തന്നെ.
പ്രതികളും അവർക്ക് അനുകൂലമായി പ്രവർത്തിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനും ചേർന്ന് റേഞ്ച് ഓഫിസറെ നിരന്തരം ഭീഷണിപ്പെടുത്തിയതായും ഒരു ഘട്ടത്തിൽ പൊലീസ് സംരക്ഷണം വരെ തേടിയിരുന്നതായുമുള്ള വിവരങ്ങളാണ് ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിലൂടെ പുറത്തു വരുന്നത്. മേലുദ്യോഗസ്ഥന്റെ ഇടപെടലുകൾ സംബന്ധിച്ച്, വനം മേധാവിക്ക് റേഞ്ച് ഓഫിസർ നൽകിയ 3 പേജുള്ള വിശദമായ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭീഷണിക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ റേഞ്ച് ഓഫിസർക്ക് രണ്ട് ആഴ്ച അവധിയെടുത്തു പോകേണ്ടി വന്നതായും പറയുന്നുണ്ട്. ഫെബ്വുവരി 13 മുതൽ 27 വരെയാണ് റേഞ്ച് ഓഫിസർ അവധിയിൽ പോയത്.
അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പായിരുന്നു സംഭവങ്ങൾ നടന്നത്. റേഞ്ച് ഓഫിസർ നൽകിയ റിപ്പോർട്ടും ഇക്കാര്യങ്ങൾ ശരിവച്ചുകൊണ്ട് ഉത്തര മേഖല ചീഫ് കൺസർവേറ്റർ പിന്നീട് നൽകിയ അന്വേഷണ റിപ്പോർട്ടും വനം ആസ്ഥാനത്ത് ഭദ്രമായുണ്ടെങ്കിലും മേലുദ്യോഗസ്ഥനെതിരെ ഒരു നടപടിയും ഇതേവരെ കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുവാൻ സാധിക്കുന്നത്. പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തിയതിനു പിന്നാലെ ആരോപണ വിധേയനായ ഐഎഫ്എസ് ഉദ്യോഗസ്ഥനെ മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിന്റെ ചുമതല ഏൽപിക്കാനായിരുന്നു ഇവരുടെ നീക്കം.
അതേസമയം കഴിഞ്ഞ ഒക്ടോബർ 24ന് റവന്യൂ വകുപ്പിൽ നിന്ന് ഇറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് വയനാട്ടിൽ വൻതോതിൽ മരംവെട്ട് അരങ്ങേറിയിരുന്നത്. പിന്നാലെ ജനുവരി രണ്ടിനാണ് മേപ്പാടിയിൽ പുതിയ റേഞ്ച് ഓഫിസർ ചുമതലയേറ്റത്. ആദ്യ ആഴ്ചയിൽ തന്നെ മരം വെട്ടാനുള്ള 14 അപേക്ഷകളുമായി പ്രതികൾ തന്നെ സമീപിച്ചിരുന്നതായും വ്യക്തമായ രേഖകളില്ലാത്ത മരങ്ങൾ വെട്ടാൻ അനുമതി നിഷേധിച്ചിരുന്നതായും റേഞ്ച് ഓഫിസർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു ശേഷവും അനുമതിയില്ലാതെ മരങ്ങൾ മുറിച്ചു കടത്തി. ഫെബ്രുവരി 3ന് എറണാകുളത്തെ മില്ലിൽ നിന്ന് ഇവ പിടികൂടി കേസെടുക്കുകയായിരുന്നു.
13ന് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങിന്റെ അധികച്ചുമതല 4 ദിവസത്തേക്ക് ഏറ്റെടുത്ത ഐഎഫ്എസ് ഉദ്യോഗസ്ഥൻ റേഞ്ച് ഓഫിസറോട് കേസിന്റെ വകുപ്പുകൾ മാറ്റിയെഴുതണം എന്ന് ആവശ്യപ്പെടും ചെയ്തു. ഇത് നിഷേധിച്ചതിനെ തുടർന്നാണ് മൂന്നു മാസം മുമ്പ് മണിക്കുന്ന് മലയിൽ നടന്ന മരം വെട്ടിൽ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിച്ചുകൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് റേഞ്ച് ഓഫിസർ എഴുതുകയുണ്ടായി. റേഞ്ച് ഓഫിസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി മൊഴിയെടുത്തതായും ഇദ്ദേഹം പറയുന്നു.
ഇതിനുപിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ജില്ലാ കലക്ടർക്കും റേഞ്ച് ഓഫിസർ പരാതി നൽകുകയും ചെയ്തു. മേലുദ്യോഗസ്ഥന്റെ നിരന്തര മാനസിക പീഡനം കൊണ്ട് തന്റെ മാതാപിതാക്കൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha