നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം... മേല്‍ക്കൂരയ്ക്കും ഭിത്തിയ് ക്കും ഇടയില്‍ കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുക്കാന്‍ വേണ്ടി വന്നത് രണ്ടരമണിക്കൂര്‍

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തകര്‍ന്നു വീണ ഒന്നാം നിലയുടെ മേല്‍ക്കൂരയ്ക്കും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് ദാരുണാന്ത്യമുണ്ടായത്. മങ്ങാരം പുതുപ്പറമ്പി ല്‍ ഗോപാലകൃഷ്ണന്‍ ആചാരിയുടെയും മാധവിയുടെയും മകന്‍ അരുണ്‍ കൃഷ്ണനാ(സുനി-31)ണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത് മേല്‍ക്കൂരയ്ക്കും ഭിത്തിയ് ക്കും ഇടയില്‍ കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുക്കാന്‍ രണ്ടര മണിക്കൂര്‍ വേണ്ടിവന്നു.
മരങ്ങാട് ജങ്ഷന് സമീപത്തായി ജോയിന്റ് ആര്‍.ടി ഓഫീസിന് പിന്നിലുള്ള സ്ഥലത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ജിന്‍സ് വില്ലയില്‍ ജോസാണ് ഇവിടെ കെട്ടിടം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം നിലയുടെ മേല്‍ക്കൂരയുടെ തട്ട് ഇളക്കുന്നതിനിടെയായിരുന്നു അപകടം.
തകര്‍ന്നുവീണ മേല്‍ക്കൂരയുടെയും ഭിത്തിയുടെയും ഇടയില്‍ കുടുങ്ങിപ്പോയ അരുണിനെ ഏറെ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. സംഭവമറിഞ്ഞ് വന്‍ ജനാവലിയും തടിച്ചുകൂടി. കോണ്‍ട്രാക്ടര്‍ കൂടിയായ ജോസ് വീട് പണിതു വില്‍പന നടത്തുകയാണ്.
ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് മേല്‍ക്കൂര നിര്‍മിച്ചതെന്നും ഒരാഴ്ച പിന്നിടുംമുമ്പേ തട്ട് പൊളിച്ചതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു.
സമീപവാസി കൂടിയായ അരുണ്‍ ഏറെ നാളായി ജോസിനൊപ്പമാണ് ജോലിചെയ്യുന്നത്. ഇന്നലെയാണ് മേല്‍ക്കൂരയുടെ തട്ട് പൊളിക്കാന്‍ തുടങ്ങിയത്. കോണ്‍ക്രീറ്റ് തട്ട് താങ്ങിനിര്‍ത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ നീക്കം ചെയ്യുന്നതിനിടെ മേല്‍ക്കൂര രണ്ടായി പിളര്‍ന്നുമാറുകയായിരുന്നു.
കൂരയ്ക്ക് താഴ്ഭാഗത്തിരുന്നു ജോലി ചെയ്യുകയായിരുന്ന അരുണിന്റെ മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് പതിച്ചു. നിലവിളിയും വലിയ ശബ്ദവും കേട്ട് വീട്ടില്‍ ജോലിയിലുണ്ടായിരുന്ന ടൈല്‍ പണിക്കാരും സമീപവാസികളും ഓടിയെത്തിയെങ്കിലും പുറത്തേക്ക് അരുണിന്റെ ഒരു കാല്‍ മാത്രമാണ് കാണാനായത്. ബാക്കി ശരീരഭാഗങ്ങള്‍ തകര്‍ന്നുവീണ മേല്‍ക്കൂരയ്ക്കും ഭിത്തിക്കും ഇടയില്‍ അകപ്പെട്ടിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കോന്നിയില്‍നിന്ന് ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ രണ്ടര മണിക്കൂര്‍ പരിശ്രമിച്ച് വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha