വിഴിഞ്ഞത്തെ മണല്‍ത്തിട്ട ഒരാഴ്ച കൊണ്ട് നീക്കും; അടിയന്തര നടപടി സമീപകാലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന്; വിശദീകരണവുമായി അദാനി പോര്‍ട്ട് ട്രസ്റ്റ് രംഗത്ത്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ മണല്‍ത്തിട്ട ഒരാഴ്ച കൊണ്ട് നീക്കും. വ്യാഴാഴ്ചയാണ് മണല്‍ നീക്കാന്‍ തുടങ്ങിയത്.മണ്‍സൂണ്‍ ശക്തമാകുന്നതിന് മുന്‍പ് മണ്ണ് നീക്കം ചെയ്യുകയാണ് ലക്ഷ്യം. തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ ചാലിന് ഇപ്പോള്‍ എട്ട് മീറ്റാണ് ആഴം. ഏഴ് ദീവസം കൊണ്ട് ആഴം പത്ത് മീറ്ററാക്കാനാണ് ലക്ഷ്യം. എടുക്കുന്ന മണ്ണ് ആഴക്കടലില്‍ നിക്ഷേപിക്കും.
കഴിഞ്ഞ ചൊവ്വാഴ്ച ശക്തമായ തിരയിലും കാറ്റിലും പെട്ട് വിഴിഞ്ഞത്ത് മൂന്ന് പേര്‍ മരിച്ചതാണ് അടിയന്തര നടപടിയിലേക്ക് നീങ്ങാന്‍ കാരണം. അഴിമുഖത്ത് രൂപപ്പെട്ട മണല്‍ത്തിട്ടയാണ് അപകടത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കടലിനടിയിലെ മണ്ണ് നീക്കാനുള്ള ഡ്രജര്‍ ഇവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് മണ്ണു മാന്തിയന്ത്രം വിശാലമായ ബാര്‍ജില്‍ സജ്ജമാക്കിയാണ് മണ്ണ് നീക്കുന്നത്.
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം അദാനി ഗ്രൂപ്പാണ് മണല്‍ നീക്കല്‍ പ്രവൃത്തി നടത്തുന്നത്. അതേസമയം തുറമുഖത്ത് അപകടത്തിന് കാരണം മണല്‍ തിട്ടയല്ലെന്ന നിലപാടിലാണ് അദാനി പോര്‍ട്ട് ട്രസ്റ്റ്. മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെട്ടത് പോലെ മണല്‍ത്തിട്ട അധികമില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha