കേരളത്തെ വിടാതെ പിടിച്ച് മഹാമാരി... മരണത്തിൽ കുറവും... പോസിറ്റിവിറ്റ് 10നു മുകളിൽ...

കേരളത്തിനെ വിടാതെ പിടിച്ചിരിക്കുകയാണ് കൊറോണയെന്ന മഹാമാരി. സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 8 ജില്ലകളിലാണ് 1000ത്തിനു മുകളിൽ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി ഉയർന്നിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,75,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,093 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
അതേസമയം, കൊവിഡിൻ്റെ തീവ്രതയേറിയ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതൽ ഒരാഴ്ച അടച്ചിടും. ജില്ലയിൽ ഡെൽറ്റ വകഭേദം ഉണ്ടായതിൻ്റെ ഉറവിടം കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം. പറളി, പിരായിരി എന്നീ പഞ്ചായത്തുകളിലെ വ്യക്തികൾക്കാണ് നേരത്തെ ഡെൽറ്റാ വകഭേദം കണ്ടെത്തിയത്. ഇവിടെയും നിലവിൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെല്‍റ്റ വൈറസ് വകഭേദത്തിൻ്റെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ (ജൂൺ 28 ) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.
ജില്ലയിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പർക്കം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിയിൽ നിന്നാണ് രോഗം പകരാൻ ഇടയായതെന്നും, സമ്പർക്ക പട്ടികയിൽ വന്ന എല്ലാ വ്യക്തികൾക്കും കോവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് കോവിഡ് മരണങ്ങൾ സംഭവിച്ചിട്ടുള്ളതായും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതായും രോഗികൾക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളതായും കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ഏർപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് നടപടി.
അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha
























