കനലെരിയും വഴികളിലൂടെ... പ്രതിസന്ധികളില് തളര്ന്നുപോയി ജീവിതം ഹോമിക്കുന്ന പെണ്കുട്ടികള്ക്കും വീട്ടമ്മമാര്ക്കും കരുത്തായി ആനി ശിവ; ആനി ശിവയ്ക്ക് അഭിനന്ദന പ്രവാഹം; രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര് നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും ആനിയുടെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്ത്

സ്ത്രീകളുടെ പീഡനങ്ങളും കണ്ണീരിന്റെ കഥകളുമാണ് നാട് നിറയെ. അതിനിടെ ആശ്വാസത്തുരുത്തുമായി ആനി ശിവയുടെ കഥ കേട്ട് മലയാളികളുടെ മനം കുളിര്ത്തു. അതിനാല് തന്നെയാണ് പ്രതിസന്ധികളില് പതറാതെ ഒറ്റയ്ക്ക് പോരാടി ജീവിതവിജയം നേടിയ വര്ക്കല എസ്.ഐ. ആനി ശിവയ്ക്ക് അഭിനന്ദന പ്രവാഹം വരുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര് നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും ആനിയുടെ നേട്ടത്തെ പ്രകീര്ത്തിച്ചു.
നടന് മോഹന്ലാല്, ശശി തരൂര് എം.പി., മുന് ഡി.ജി.പി. ജേക്കബ് പുന്നൂസ്, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, നടന് ഉണ്ണി മുകുന്ദന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്, തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രന്, സംഗീത സംവിധായകന് ഷാന് റഹ്മാന് തുടങ്ങിയവര് ആനിയുടെ കഥ പ്രചോദനമാണെന്ന് കുറിച്ചു.
ആനി ശിവ എന്ന പോരാളിയായ അമ്മയുടെ ജീവിതകഥ പ്രചോദനാത്മകമാണെന്ന് ശശി തരൂര് എം.പി. ഫെയ്സ്ബുക്കില് കുറിച്ചു. ആത്മഹത്യയല്ല ആനിയുടെ വഴിയാണ് യഥാര്ഥ പ്രചോദനമെന്നാണ് മുന് ഡി.ജി.പി. ജേക്കബ് പുന്നൂസ് വാര്ത്ത പങ്കുവെച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്. ആണുങ്ങള്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പോലീസിലെ ഡയറക്ട് എസ്.ഐ. റിക്രൂട്ട്മെന്റ് സ്ത്രീകള്ക്കായി തുറന്നുകൊടുത്തപ്പോള് ആണുങ്ങള്ക്കൊപ്പം മത്സരിച്ച് ജയിച്ച വ്യക്തിയാണ് ആനി. സ്ത്രീസുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനും വനിതാ ഓഫീസര്മാര് പോലീസില് എത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതൊരു പോരാട്ടത്തിന്റെ കഥയാണ്. പ്രതിസന്ധികള്ക്ക് മുന്നില് പതറാതെ പോരാടിയ ഞങ്ങളുടെ സഹപ്രവര്ത്തകയുടെ ജീവിതകഥയെന്നാണ് കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലെ വരികള്.
മുതിര്ന്ന ഉദ്യോഗസ്ഥരുള്പ്പെടെ ആനിയെ ഫോണില് വിളിച്ച് അഭിനന്ദിച്ചു. നൂറുകണക്കിന് ഫോണ്കോളുകളാണ് ഞായറാഴ്ച വര്ക്കല സ്റ്റേഷനില് ആനിയെത്തേടിയെത്തിയത്.
അതേസമയം ജീവിതവഴിയില് തളരാത്ത പോരാളി വര്ക്കലയിലെ വനിതാ എസ്.ഐ. ആനി ശിവ ഇനി കൊച്ചിയില് ജോലി ചെയ്യും. കൊച്ചിയില് പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാന് സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്നാഥ് ബെഹ്റ പരിഗണിക്കുകയായിരുന്നു. ആനി ശിവയുടെ ജീവിതകഥ ഞായറാഴ്ച വായിച്ചറിഞ്ഞതോടെ നേരത്തേ നല്കിയിരുന്ന അപേക്ഷയ്ക്ക് ഉടന് പരിഹാരം കാണാന് ഡി.ജി.പി. ഉത്തരവിട്ടു.
തുടര്ന്ന് ഞായറാഴ്ച തന്നെ തിരുവനന്തപുരം റേഞ്ചില്നിന്ന് കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കര് ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്ഷമായി കൊച്ചി സെന്ട്രല് സ്റ്റേഷനില് ആയിരുന്നു ആനി ശിവ പരിശീലനം പൂര്ത്തിയാക്കിയത്. ഇക്കാലയളവില് ആനിയും മകനും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു.
മകന് സൂര്യശിവ കൊച്ചിയിലെ സ്കൂളില് പഠനവും തുടങ്ങി. സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വര്ക്കലയില് എസ്.ഐ.ആയി ചുമതലയേല്ക്കാന് കഴിഞ്ഞദിവസം ആനി എത്തിയത്. കോവിഡ് കാലത്ത് മകന് ഒറ്റയ്ക്കാണെന്നും പഠനത്തില് സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നല്കണമെന്നായിരുന്നു അപേക്ഷ. ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച് നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവില് പോലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.
L
https://www.facebook.com/Malayalivartha























