നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍

നോയിഡയിലെ അമിറ്റി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മൂന്നാം വര്‍ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ഭട്ടിന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ മാധ്യമങ്ങളെ കണ്ടു. മകനെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്നും മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും അവര്‍ ആരോപിച്ചു.
സംഭവം നടന്ന സ്ഥലത്തുനിന്ന് പോലീസ് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തിരുന്നു. ഹര്‍ഷിത് മദ്യപിച്ചിരുന്നതായാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹര്‍ഷിത് മദ്യപിച്ചിരുന്നതായി സൂചനകളില്ല. മകന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും, മദ്യപിച്ചിരുന്നു എന്ന സുഹൃത്തുക്കളുടെ വാദം മകനെ അപകീര്‍ത്തിപ്പെടുത്താനും കേസ് വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണെന്നും അമ്മ പറഞ്ഞു.
മകന്‍ വെള്ളത്തില്‍ വീണ വിവരം സുഹൃത്തുക്കള്‍ തന്നെ അറിയിച്ചില്ലെന്നതാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. 'അവര്‍ എന്തിനാണ് അവനെ ആ വിജനമായ സ്ഥലത്തെ കുഴിയിലേക്ക് കൊണ്ടുപോയതെന്ന് എനിക്ക് അറിയണം. അവന്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ അവര്‍ എവിടെയായിരുന്നു?' – ഹര്‍ഷിതിന്റെ അമ്മ ചോദിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഇത് സുഹൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിത നീക്കമാണെന്ന് കുടുംബം വിശ്വസിക്കുന്നു.
അമ്മയുടെ പരാതിയെത്തുടര്‍ന്ന് ഹര്‍ഷിതിന്റെ സുഹൃത്തുക്കളായ കൃഷ്, ഹിമാംശു, വ്യാസ് എന്നിവര്‍ക്കെതിരെ സെക്ടര്‍ 126 പോലീസ് സ്‌റ്റേഷന്‍ കേസെടുത്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























