യുവതിയുടെ കൈയ്യില്‍ നിന്നും കടം വാങ്ങിയ രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം..... ഓട്ടോറിക്ഷ തൊഴിലാളിയെ അടിച്ചുകൊന്നു... പോലീസുകാരനടക്കം ആറു പേര്‍ അറസ്റ്റില്‍

യുവതിയുടെ കൈയ്യില്‍ നിന്നും കടം വാങ്ങിയ രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം..... ഓട്ടോറിക്ഷ തൊഴിലാളിയെ അടിച്ചുകൊന്നു... പോലീസുകാരനടക്കം ആറു പേര്‍ അറസ്റ്റിലായി.
സുഹൃത്തായ യുവതിയില്‍ നിന്നു കടം വാങ്ങിയ 50,000 രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ദാരുണസംഭവമുണ്ടായത്. ഇടപ്പള്ളി നോര്‍ത്ത് അംബേദ്കര്‍ റോഡില്‍ കണ്ണന്‍ നിവാസില്‍ കൃഷ്ണകുമാറാണ് (കണ്ണന്‍-32) കൊല്ലപ്പെട്ടത്.
എറണാകുളം എ.ആര്‍. ക്യാമ്പിലെ സി.പി.ഒ ഇടപ്പള്ളി നോര്‍ത്ത് വൈമേലില്‍ ബിജോയ് (35), മരട് നെട്ടൂര്‍ സ്വദേശി സാജിതാ മന്‍സിലില്‍ ഫൈസല്‍ മോന്‍ (39), ആലുവ എരമം സ്വദേശികളായ തോപ്പില്‍ ഉബൈദ് (25), ഓളിപ്പറമ്പ് അന്‍സല്‍ (26), ഇടപ്പള്ളി നോര്‍ത്ത് വി.ഐ.പടി ബ്ലായിപ്പറമ്പ് വീട്ടില്‍ ഫൈസല്‍ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടില്‍ സുബീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പള്ളി പോണേക്കരയില്‍ അമൃത ആശുപത്രിക്ക് സമീപത്തായി കുന്നുംപുറം പീലിയാട് വിജനമായ പുഴയോരത്താണ് സംഭവം നടന്നത്.
കൃഷ്ണകുമാറിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ പണം നല്‍കാതെ കബളിപ്പിക്കുന്നതായി യുവതി ഒരു കൂട്ടുകാരിയോട് പറഞ്ഞു.
അവര്‍ വിവരം പൊലീസുകാരനായ ബിജോയിയോട് പറഞ്ഞു. ഇയാളാണ് ഫൈസലിന്റെ സഹായം തേടിയത്. കൃഷ്ണകുമാറും ഫൈസലും മറ്റുള്ളവരും സുഹൃത്തുക്കളാണ്. ഫൈസലാണ് കൃഷ്ണകുമാറിനെ പീലിയാട്ടേക്ക് വിളിച്ചുവരുത്തിയത്.
പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൃഷ്ണകുമാറിനെ ഇരുമ്പ് കമ്പികൊണ്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കരച്ചിലും ബഹളവും കേട്ട് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കൃഷ്ണകുമാറിന്റെ ദേഹമാസകലം മാരകമായ പരിക്കുകളുണ്ട്.
അതേസമയം ബിജോയ് ആറ് കേസുകളില്‍ പ്രതിയാണ്. പൊലീസ് യൂണിഫോമില്‍ മദ്യപിച്ച് ലക്കുകെട്ടതിന് രണ്ട് കേസും വീടുകയറി ആക്രമിച്ച കേസും ഇതില്‍പ്പെടും. കുമളി, ആലുവ വെസ്റ്റ്, എറണാകുളം നോര്‍ത്ത്, വരാപ്പുഴ, എരുമേലി സ്റ്റേഷനുകളിലാണ് കേസുകള്‍. ശബരിമല ഡ്യൂട്ടിക്കായി എരുമേലി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അവിടെ കേസുണ്ടാക്കിയത്.
എറണാകുളം സെന്‍ട്രല്‍ എ.സി.പി കെ.ലാല്‍ജിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി ഏഴരയോടെ വീട്ടിലെത്തിച്ച മൃതദേഹം ചേരാനെല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha























