തയ്യാറെടുത്ത് അന്വേഷണ സംഘം... കൊടകര കുഴല്‍പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും; ഭരണത്തിലിരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുമ്പോള്‍ അത് ദേശീയ ശ്രദ്ധ നേടുന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ കൊടകര കുഴല്‍പണക്കേസിനെ സംബന്ധിച്ച് സുരേന്ദ്രന്റെ ഓരോ വാക്കിനും പ്രാധാന്യമുണ്ട്. ഭരണത്തിലിരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെയാണ് ചോദ്യം ചെയ്യുന്നത്. അതിനാല്‍ തന്നെ അതിനും ദേശീയ പ്രാധാന്യമുണ്ട്.
കൊടകര കുഴല്‍പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഇന്നു രാവിലെയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 10.30നു തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണു നോട്ടിസ് നല്‍കിയത്. ഹാജരാകുമെന്നു സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
ആദ്യം അന്വേഷണ സംഘം നല്‍കിയ നോട്ടിസ് സ്വീകരിച്ചെങ്കിലും കാസര്‍കോട് പാര്‍ട്ടി യോഗം നടക്കുന്നതിനാല്‍ ഹാജരാകില്ലെന്നു സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. രണ്ടാമതു നല്‍കിയ നോട്ടിസ് പ്രകാരമാണ് ഇന്നു ഹാജരാകുന്നത്.
പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യുക. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെയും മുന്‍പ് ചോദ്യം ചെയ്തിരുന്നു. ഇനി നേതാക്കളെ വിളിച്ചു വരുത്തിയാല്‍ പോകേണ്ടതില്ലെന്നു പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹാജരാകാന്‍ തന്നെയാണു സുരേന്ദ്രന്റെ തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുന്‍പാണ് കൊടകരയില്‍ നിന്നു 3.5 കോടി രൂപയും കാറും കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതു ബിജെപി കൊണ്ടുവന്ന തിരഞ്ഞെടുപ്പു കുഴല്‍പണം ആണെന്നാണു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുഴല്‍പ്പണമാണെന്നും കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തില്‍ ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും പൊലീസും പാര്‍ട്ടിയെ വേട്ടയാടുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.
ബിജെപി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് കേസ് അന്വേഷണത്തിലൂടെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്നാണ് പ്രധാന ആരോപണം.
അതേസമയം കൊടകര കേസിന്റെ തുടക്കത്തില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ ബിജെപി നേതാക്കളാരും തയ്യാറാകാത്തത് വാര്‍ത്തയായിരുന്നു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മാത്രമാണ് വാര്‍ത്താക്കുറിപ്പിലൂടെ സുരേന്ദ്രനെ പിന്തുണച്ചെത്തിയത്. എന്നാല്‍ പിന്നീട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ പിന്തുണച്ചെത്തിയിരുന്നു.
സ്വര്‍ണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നീക്കമെന്ന് കേന്ദമന്ത്രി വി മുരളീധരന്‍ ആരോപിച്ചിരുന്നു.
കൊടകര കേസിലെ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ചു ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളുവെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























