വിശ്വാസം ഓണലൈനാക്കി കച്ചവടം പൊടിപൊടിക്കും; എന്റെ കൃഷ്ണാ, ഇത് വേണ്ടായിരുന്നു... പ്രസാദമൊക്കെ സോഫ്ട്‍വെയർ വഴി ഓൺലൈനാക്കണമത്രേ. വിശ്വാസ കച്ചവടം തിരിച്ചു പിടിക്കാൻ ദേവസ്വം ബോർഡുകൾ സ്വന്തമായി വരുമാന വർദ്ധനവിന് പദ്ധതി ഇടണം

എന്റെ കൃഷ്ണാ, ഈ ചതി വേണ്ടായിരുന്നു... വിശ്വാസികളെ മുഴുവൻ എതിർത്ത്, എന്നാൽ വിശ്വാസ കച്ചവടം പൊടി പൊടിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രത്യേകിച്ചും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 'അതങ്ങ്' കേരളത്തിന്റെ മുഖമുദ്രയാകുകയായിരുന്നു. ലക്ഷങ്ങൾ മുടക്കി വനിതാമതിൽ കെട്ടലും മതിലിൻ്റെ മറവിൽ 3 വയസ്സ് മുതൽ 6 വയസ്സ് വരെ കുഞ്ഞിനെ പീഡിപ്പിക്കലുമെല്ലാം കേരളത്തിലെ വിശ്വാസ ലംഘനത്തിന്റെ തുടർഭാഗങ്ങളാണ്.
അല്ല പറഞ്ഞിട്ട് കാര്യമില്ല. മതിലിന്റെ മറവിലാണല്ലോ ഇതൊക്കെ നടക്കുന്നത്. അതാണ് സർക്കാർ വക ഒത്താശ. നമ്മളിവിടെ വിശ്വാസികൾ എന്ന് പറയുമ്പോൾ എല്ലാ വിശ്വാസികളോടും കലിപ്പുള്ളവരല്ല കേരളം ഭരിക്കുന്ന പാർട്ടിയും ആ പാർട്ടിക്കാരുടെ സർക്കാരും. അതിനൊക്കെ ചില രാഷ്ട്രീയമുണ്ടെന്ന് മാത്രം. ചിലരെ ഇണക്കിയാലേ വോട്ടു കിട്ടൂ. മറ്റ് ചിലരെ പിണക്കിയാലേ അവർക്കിടയിൽ നിന്നും വോട്ടു കിട്ടൂ. അതൊക്കെ കൃത്യമായി കളിച്ചാണ് രണ്ടാം പിണറായി സർക്കാർ ഉണ്ടായത് തന്നെ.
വിശ്വാസികളുടെ വിഷയം പറയുമ്പോൾ ഇശ്വരാനുണ്ടോ ഇശ്വരനില്ലയോ എന്നൊന്നും പറയാൻ നമ്മളാളല്ല, ദൈവമേ! പക്ഷെ ഇശ്വരന്മാരുടെ പേരിൽ ക്ഷേത്രങ്ങളുണ്ട്. അത് നമുക്കറിയാം. അതിലൊക്കെ വിശ്വസിക്കുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഒരു വരുമാന സ്രോതസ്സ് തന്നെയാണ് ക്ഷേത്രങ്ങൾ... അയ്യപ്പന്റെ കോപം കൊണ്ട് പ്രളയം വന്നെന്നും പിന്നെ നിപ്പ വന്നെന്നും, പിന്നേം പ്രളയവും നിപ്പായും വന്നെന്നും, ഒടിവിലിപ്പോൾ കോവിഡ് വരെയുണ്ടായെന്നും വിശ്വസിക്കുന്നവരുണ്ടാകും.
അതൊക്കെ ഓരോരുത്തരുടെ വിശ്വാസം. പക്ഷെ ഭഗവന്മാർ പണി കൊടുത്തു തുടങ്ങിയതിന്റെ പലഘട്ടത്തിലുള്ള വർത്തമാനങ്ങൾ നമ്മൾ കേൾക്കുമ്പോൾ നമുക്കും ചില വിശ്വാസങ്ങൾ ഉണ്ടാകും. അത് മറ്റൊന്നുമല്ല, ശബരിമലയുൾപ്പെടെ ക്ഷേത്രങ്ങളിലെ വരുമാനം കുത്തനെ ഇടിഞ്ഞത് കാണുമ്പോൾ വിശ്വസിക്കാതിരിക്കാൻ കാരണമില്ലല്ലോ.
ഭണ്ഡാരം വരവും പൂജ വഴിപാടുകളുടെ വരവും തുടങ്ങി എല്ലാം കുത്തനെ താഴോട്ട് വീണുപോയത്രെ. വന്നുവന്ന്, തിരുവിതാംകൂർദേവസ്വം ക്ഷേത്രങ്ങളിലെ കാണിക്ക കിട്ടുന്ന സ്വർണ്ണത്തിലും ഇടിവുണ്ടായിരിക്കുന്നു. 1200 കിലോ സ്വർണ്ണം പ്രതീക്ഷിച്ച ബോർഡിന് ആകെ കിട്ടിയത് 400 കിലോ സ്വർണ്ണം മാത്രമാണത്രെ.
വിശ്വാസികളാരും ക്ഷേത്രങ്ങളിലേക്ക് പോകാൻ തയ്യാറാകാത്ത അവസ്ഥയിൽ, എവിടെ നിന്ന് വരാനാണ് ഹേ, ഈ സ്വർണ്ണമൊക്കെ.? പിന്നെ..ആകെ സ്വർണ്ണം വരാനുള്ള വഴി സ്വർണ്ണക്കടത്താണ്. പുതിയ ദേവസ്വം 'തന്ത്രി മുഖ്യൻ ശ്രീമാൻ ചേലക്കര രാധാകൃഷ്ണൻ അവർകൾ' പ്രശ്നം വെച്ച് പ്രതിവിധി നിശ്ചയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇപ്പോൾ വല്ലാത്ത പാടായി മാറിയതെന്തോ അതാണ് വഴിപാട്... പ്രസാദമൊക്കെ സോഫ്ട്‍വെയർ വഴി ഓൺലൈനാക്കണമത്രേ. വിശ്വാസ കച്ചവടം തിരിച്ചു പിടിക്കാൻ ദേവസ്വം ബോർഡുകൾ സ്വന്തമായി വരുമാന വർദ്ധനവിന് പദ്ധതി ഇടണം എന്നതാണ് മറ്റൊന്ന്.
നടന്നത് തന്നെ! ചെണ്ട കൊട്ടിയും മണിയടിച്ചും ഭഗവാന്മാരെയും ഭക്തന്മാരെയും ഒരു പോലെ പറ്റിക്കുന്ന ഒരുപാട് പാർട്ടിക്കാർ ജീവനക്കാരായുള്ള ദേവസ്വത്തിനെ കൊണ്ട് ഇതൊക്കെ നടന്നത് തന്നെ...!
ക്ഷേത്രങ്ങളിൽ നിന്നും എന്തെല്ലാം അടിച്ചോണ്ടു പോകാമെന്ന ഗവേഷണപ്രബന്ധങ്ങളുടെ രചനയിലാണ് അവിടെ പലരും. അപ്പോഴാണ് തന്ത്രി മുഖ്യന്റെ വരുമാന വർദ്ധനവ് പരിപാടികൾ!
പ്രശ്നം നോക്കിയപ്പോൾ പിന്നെയുമുണ്ട് കുറെ പുതിയ തന്ത്രങ്ങൾ. ഈ ദേവസ്വം ഭൂമിയുടെ എന്തോ കാര്യമൊക്കെ ഉണ്ടെന്നാണ് കേൾക്കുന്നത്.എന്റെ ഭഗവാനെ, എനിക്കൊന്നും അറിയില്ല. അതിനി എന്തെല്ലാം പണിയാകുമോ, വിവാദങ്ങളായി പോകുമോ എന്നൊന്നും ഇപ്പോഴേ പറയാൻ നമുക്കാവില്ലല്ലോ. എന്തായാലും ദേവസ്വം തന്ത്രി മുഖ്യൻ ശ്രീമാൻ ചേലക്കര രാധാകൃഷ്ണൻ, കടകംപള്ളി തന്ത്രിയുടെ കുടമുടയ്ക്കൽ പോലെയൊന്നുമാകില്ലെന്ന് കരുതാം.
കൃഷ്ണാ, നീ തന്നെ രക്ഷ! ഇതിനൊക്കെയിടയിൽ ഭഗവാൻ ശ്രീ ഗുരുവായൂരപ്പന്റെ 16 ലക്ഷം ബാങ്കിൽ നിന്ന് ആൺപിള്ളേർ അടിച്ചോണ്ടു പോയെന്നും കേൾക്കുന്നു. അവന്റെ പതിനാറടിയന്തിരം കൂടിയേ ഇനി കേൾക്കാനുള്ളു. സ്വർണ്ണം വെള്ളി ലോക്കറ്റുകൾ വഴിപാടായി വിറ്റ വകയിലെ കാശിൽ നിന്നാണത്രെ ബാങ്കിൽ കുറവ് വന്നിരിക്കുന്നത്.
അതിനൊക്കെയുള്ള പുതിയ പരിഹാര നിർദ്ദേശങ്ങൾ പെട്ടെന്ന് ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രമാണ് ഭക്തർക്കുള്ളത്. പിന്നെ പ്രത്യേകം ഒരു കാര്യം പറയാൻ തന്ത്രി ചേലക്കര ജി പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ദാഹജലം കിട്ടാതെ വലഞ്ഞ ബിവറേജ് ഭക്തരെ തിരഞ്ഞു പിടിച്ച് വരിനിർത്തിയത് പോലെ, ശരണം വിളിക്കാൻ വല്ലാണ്ട് മുട്ടി നിൽക്കുന്നവരെ കൊള്ളയടിക്കാൻ നഷ്ടക്കച്ചവടമായ കെ എസ് ആർ ടി സി ക്കാർ ശബരിമലയ്ക്ക് പ്രത്യേക സർവ്വീസ് നടത്തുന്നത്തിനും അതൊക്കെ മൈക്ക് വെച്ച് കെട്ടി പറഞ്ഞ് ആളെ കൂട്ടാനും വിശ്വാസ കച്ചവടക്കാർ ഇറങ്ങുന്നുണ്ടെന്ന മുന്നറിയിപ്പുണ്ടെന്ന്.....
https://www.facebook.com/Malayalivartha