കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; ദേഷ്യം തീർക്കാൻ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീടിന് തീയിട്ടു നശിപ്പിച്ചു

കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ ദേഷ്യത്തില്‍ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീടിന് തീയിട്ട യുവാവ് പിടിയിൽ. കൊല്ലം കിളികൊല്ലൂര്‍ തട്ടാര്‍കോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) അറസ്റ്റിലായത്. മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ പ്രതികാരമായി യുവാവ് കാമുകിയുടെ വീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീടിന് അടുത്തുള്ള പെണ്‍കുട്ടിയുമായി അഖില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് തൃശൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ച പെണ്‍കുട്ടി അവിടെവെച്ച് ഒപ്പം ജോലി ചെയ്തിരുന്നയാളുമായി അടുപ്പത്തിലായി. പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം യുവതി വയനാട്ടില്‍ ഭര്‍ത്താവിനൊപ്പം താമസമാക്കി.
വിവാഹം കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് യുവതിയും ഭര്‍ത്താവും കൊല്ലം കിളിക്കൊല്ലൂരിലെ വീട്ടിലെത്തി. ഈ വിവരം അറിഞ്ഞ അഖില്‍ രാത്രി മദ്യപിച്ചെത്തി പെണ്‍കുട്ടിയുടെ വീടിന് തീയിടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം കിളികൊല്ലൂരില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. അഖില്‍ കിളികൊല്ലൂരില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























