സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് ലോക്ഡൗൺ ഇളവുകൾ !ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ കേരളത്തിൽ 4.6 ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര സംഘം

സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് ലോക്ഡൗൺ ഇളവുകൾ നൽകിയിരിക്കുകയാണ്. എന്നാൽ ഈ കാര്യത്തിൽ ആശങ്കയും അതൃപ്തിയും അറിയിച്ചിരിക്കുകയാണ് കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകൾ കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു .
ഇതിന് ശേഷം ഭയാനാകമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ കേരളത്തിൽ 4.6 ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര സംഘം അപായ സൂചന നൽകിയിരിക്കുന്നു .കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി)യുടെ ആറംഗ സംഘത്തെയാണ് കേന്ദ്ര സർക്കാർ കേരളത്തിലേക്കയച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
' ഓണം ഉത്സവത്തോടനുബന്ധിച്ച് അൺലോക്കിങ് പ്രവർത്തനങ്ങളും ടൂറിസം മേഖല തുറന്ന് നൽകുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നൽകുന്ന എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിംഗ് വ്യക്തമാക്കി . മലപ്പുറം, ആലപ്പുഴ, കൊല്ലം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത് .
സംസ്ഥാനത്ത് ഉയർന്നതോതിൽ രോഗബാധ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കണ്ടെത്തി.പത്തനംതിട്ട ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷം 14,974 പേർക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേർക്കും രോഗം ബാധിച്ചു . ഇതിനു പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്ന് സുജൂത് സിങ് പറഞ്ഞു.
തങ്ങൾ സന്ദർശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ് . മാത്ര മല്ല ചിലയിടങ്ങളിൽ ടി.പി.ആർ വർധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു . കേസുകളിൽ 80 ശതമാനവും ഡെൽറ്റ വകഭേദമാണെന്നും കണ്ടത്തുകയുണ്ടായി.
രോഗം ബാധിച്ചവരുടെ സമ്പർക്കങ്ങൾ കണ്ടെത്തുന്നത് വളരെ കുറവാണ് . 1:1.2 മുതൽ 1:1.7 വരെയാണിത്. ആർടി വാല്യു ജൂൺ ഒന്നിന് 0.8 ഉണ്ടായിരുന്നത് 1.2 ആയെന്നും അത് ഉയർന്നുവരികയാണെന്നും കേന്ദ്ര സംഘം വെളിപ്പെടുത്തുന്നു.അപ്പോൾ ഇതിന്റെ പിന്നിലുള്ള അപകടാവസ്ഥ പൂർണ്ണമായി മനസിലാക്കാൻ സാധിക്കും .
നിലവിലെ ആർടി വാല്യു 1.12 ആണ്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ വേഗത സൂചിപ്പിക്കുന്നതാണ് ആർ.ടി വാല്യു. ' ഈ പ്രവണത അനുസരിച്ച് ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവിൽ 4.62 ലക്ഷം കോവിഡ് കേസുകൾ ഉണ്ടാകാമെന്ന് സുജീത് സിങ് പറയുന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 14 ശതമാനം വരെയും ചിലയിടങ്ങളിൽ 15 മുതൽ 20 ശതമാനം വരെയുമാണ്. മലപ്പുറത്തും പത്തനംതിട്ടയിലും ഉയർന്ന ടി.പി.ആർ ഉണ്ട്.
കോവിഡ് രോഗികളിൽ 80 ശതമാനം പേരും ഹോം ഐസൊലേഷനിലാണെന്ന് കേന്ദ്ര സംഘം മനസിലാക്കി. പക്ഷേ മാർഗനിർദേശങ്ങൾ പാലിച്ചല്ല വീടുകളിലെ ഈ ചികിത്സയെന്നും സംഘം ചൂണ്ടിക്കാണിച്ചു . ക്വാറന്റീനും മാർഗനിർദേശങ്ങളും പാലിക്കാത്തത് ക്ലസ്റ്ററുകൾ രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര സംഘം വ്യക്തമാക്കി .
ജില്ലകളിലെ കണ്ടെയിൻമെന്റ് സോണുകൾ രൂപീകരിച്ചത് കേന്ദ്ര മാർഗനിർദേശ പ്രകാരമല്ലെന്ന കണ്ടെത്തലും സംഘം നടത്തിയിരിക്കുന്നു. സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ കർശനമല്ലെന്നും ഇതിന് ചുറ്റും ബഫർ സോണുകളില്ലെന്നും കേന്ദ്രസംഘം പറഞ്ഞു.
കോവിഡ് പരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളിൽ വമ്പൻ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇവർ . തെക്കൻ ജില്ലകളിൽ കിടക്ക ഉപയോഗം 40 മുതൽ 60 ശതമാനം വരെയാണ്. വടക്കൻ ജില്ലകളിൽ ഇത് 70 മുതൽ 90 ശതമാനം വരെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കിടക്കകളുടെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ഐസിയുവിന്റേയും വെന്റിലേറ്ററിന്റേയും ഉപയോഗം 74 മുതൽ 85 ശതമാനമാണെന്നും ഡോ.സൂജീത് സിങ് തുറന്നടിച്ചു.
https://www.facebook.com/Malayalivartha























