ആറ്റിങ്ങലിൽ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച സംഭവം: മന്ത്രി വി ശിവന്കുട്ടി നാളെ ഉച്ചക്ക് അൽഫോൺസയുടെ വീട് സന്ദർശിക്കും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി

ആറ്റിങ്ങൽ മുന്സിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമത്തിൽ അടിസ്ഥാനത്തിലാണോയെന്ന് സർക്കാർ പരിശോധിക്കും.
സംസ്ഥാനത്ത് നിലനില്ക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുന്സിപ്പാലിറ്റി തൊഴിലാളികളുടെ സര്വ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നല്കണം. നഗരത്തില് കച്ചവടം ചെയ്യാന് കഴിയുന്ന മേഖലകളും,
അനുവദിക്കാന് കഴിയാത്ത മേഖലകളും വേര്തിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങള് പൂര്ത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നല്കിയാണോ ഒഴിപ്പിക്കല് നടത്തിയതെന്ന് സര്ക്കാര് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങള് ലേലം ചെയ്ത് വില്ക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര് പ്രവര്ത്തിച്ചിട്ടുണ്ടെങ്കില് അവര്ക്കെതിരെ കര്ശന നടപടി സര്ക്കാര് സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവന്കുട്ടി വ്യക്തമാക്കി. മന്ത്രി വി ശിവന്കുട്ടി നാളെ ഉച്ചക്ക് ശേഷം 3 30ന് അൽഫോൺസയുടെ അഞ്ചുതെങ്ങിലെ വീട് സന്ദര്ശിക്കും.
https://www.facebook.com/Malayalivartha

























