നരകത്തിൽ നിന്ന് രക്ഷപെടാനുള്ള അവസാനത്തെ വിമാനം ചിറകുവിരിച്ചാൽ ആരാണ് അതിൽ പിടിച്ചു കയറാൻ ശ്രമിക്കാത്തത്; മതങ്ങളും വംശീയതയും സൃഷ്ടിച്ച പലായനങ്ങളുടെ ഏറ്റവും ഞെട്ടിക്കുന്ന കാഴ്ചയാണ്!ഒന്നു കണ്ണടച്ച് ഈ നിമിഷം ഒന്നു കരുതി നോക്കു; പ്രിയപ്പെട്ടവരുടെ കണ്ണുകൾക്ക് മുന്നിൽ നിസ്സഹായരായി വീണുപോകുന്നവൻ്റെ ഹൃദയമിടിപ്പ് കേൾക്കുന്നുണ്ടോ? ഡോ. അരുൺകുമാർ .കെ പങ്കു വച്ച കുറിപ്പ്

ലോകത്തെ മുഴുവൻ ഞെട്ടിച്ച വീഡിയോയിരുന്നു കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്ത് വന്നത്. വിമാനത്തിൽ എങ്ങനെയെങ്കിലും ചാടി കയറാൻ ശ്രമിക്കുന്നവരും ,വിമാനത്തിൽ നിന്നും പിടിവിട്ട് താഴെ വീണ് പിടയ്ക്കുന്നവരും. ഈ സംഭവത്തെ കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ അരുൺകുമാർ.
നരകത്തിൽ നിന്ന് രക്ഷപെടാനുള്ള അവസാനത്തെ വിമാനം ചിറകുവിരിച്ചാൽ ആരാണ് അതിൽ പിടിച്ചു കയറാൻ ശ്രമിക്കാത്തത്. മതങ്ങളും വംശീയതയും സൃഷ്ടിച്ച പലായനങ്ങളുടെ ഏറ്റവും ഞെട്ടിക്കുന്ന കാഴ്ചയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ചതിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
മുപ്പത്തി അയ്യായിരം അടി ഉയരത്തിൽ ചുരുങ്ങിയത് - 50 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മണിക്കൂറിൽ ആയിരം കി.മി വേഗതയിൽ പായുന്ന വിമാനത്തിൻ്റെ ചിറകിൽ പതിനേഴ് മണിക്കൂർ ജീവനോടെ ഇരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൻ്റെ യുക്തിയെപ്പോലും തള്ളിയാണ് അവർ അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറുകളിൽ അള്ളിപ്പിടിച്ചു കയറിയത്.
നരകത്തിൽ നിന്ന് രക്ഷപെടാനുള്ള അവസാനത്തെ വിമാനം ചിറകുവിരിച്ചാൽ ആരാണ് അതിൽ പിടിച്ചു കയറാൻ ശ്രമിക്കാത്തത്. മതങ്ങളും വംശീയതയും സൃഷ്ടിച്ച പലായനങ്ങളുടെ ഏറ്റവും ഞെട്ടിക്കുന്ന കാഴ്ചയാണ്, കാബൂൾ വിമാനത്താവളത്തിലെ എയർ സ്ട്രിപ്പിൽ പറന്നുയർന്ന വിമാനത്തിൻ്റെ ചിറകിൽ നിന്ന് പിടി വിട്ടു വീണവരുടെ ദൃശ്യങ്ങളിലുള്ളത്. ഒന്നു കണ്ണടച്ച് ഈ നിമിഷം ഒന്നു കരുതി നോക്കു.
പ്രിയപ്പെട്ടവരുടെ കണ്ണുകൾക്ക് മുന്നിൽ നിസ്സഹായരായി വീണുപോകുന്നവൻ്റെ ഹൃദയമിടിപ്പ് കേൾക്കുന്നുണ്ടോ? ഒരു മിന്നൽ പിണർ പായുന്നില്ലേ ഉള്ളിലൊരാളലായി?
വാലറ്റം: കാൽ നൂറ്റാണ്ട് മുമ്പ് അഫ്ഗാൻ്റെ മുജാഹിദുകളെ സോവിയറ്റ് യൂണിയനെതിരെ വേട്ടയ്ക്കൊരുക്കിയ അമേരിക്കൻ നയതന്ത്രത്തിൻ്റെ നന്ദി പ്രമേയം റാംബോ III ചിത്രത്തിൻ്റെ ടൈറ്റിൽ കാർഡിലുണ്ട്. "നന്ദി, ധീരരായ അഫ്ഗാൻ മുജാഹിദീനുകളെ നന്ദി! ,ഈ ചിത്രം നിങ്ങൾക്ക് സമ്മർപ്പയാമി"
മറ്റൊരു കുറിപ്പിലൂടെ അവിടുത്തെ രോധനാവസ്ഥയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ; ബാലൻമാർ ഏറെയുണ്ടെങ്കിലും ബാല്യം തീരെയില്ലാത്ത അഫ്ഗാൻ. ജീവിക്കാനായി ഒരു നൂലിഴയിലൂടെ തൻ്റെ രാജ്യത്തിലെ ജനത വിമാനചിറകുകളിൽ പിടിച്ചു കയറുന്നത് അച്ഛൻ്റെ കയ്യും പിടിച്ച് നോക്കി നിൽക്കുന്ന ഈ ബാലനെ പോലുള്ളവരുടെ അഫ്ഗാൻ.
വയലൻസിൽ കൊല്ലപ്പെടുന്നവരിൽ 37 ശതമാനവും അംഗഭംഗം വരുന്നവരിൽ 44 ശതമാനവും കുട്ടികളെന്ന ചരിത്രമുള്ള അഫ്ഗാൻ. എഴുപതുലക്ഷം പെൺകുട്ടികൾ പഠിക്കുന്ന പ്രൈമറി ക്ലാസുകളും നാൽപതുലക്ഷം പെൺകുട്ടികൾ പഠിക്കുന്ന സെക്കൻഡറി ക്ലാസുകളും വിരലിൽ എണ്ണാവുന്ന പെൺകുട്ടികളിലേക്ക് ചുരുങ്ങിയ അഫ്ഗാൻ.
താലിബാൻ പിടിച്ച കാബുളിൽ ഇന്ന് പുലർച്ചെ ചരിത്രത്തിനും ഭാവിക്കും നേരെ കീഴടങ്ങാതെ ധീരതയോടെ ചുവടുവയ്ക്കുന്ന ഈ പെൺകുട്ടികളുടെ ചിത്രം പങ്ക് വച്ചത് എക്സ് എച്ച് ന്യൂസിലെ ജാവിദോ മിഡ്.
വിശ്വമാനവികതയുടെ പ്രവാചകൻമാരുടെ നിശബ്ദത ഭീതിപ്പെടുത്തുന്നതാണ്. മനുഷ്യാവകാശത്തിൻ്റെ മൊത്ത വിതരണക്കാരുടെ മൗനത്തിന് ആരാണ് വില നൽകുക. ഒന്നുറക്കെ അപലപിക്കാൻ പോലും കരുത്തുള്ള വിദേശനയം നമ്മൾക്കില്ലാതെ പോയല്ലോ?
വാലറ്റം: കാരണം, താലിബാൻ ഒരു ജീവിതരീതിയാണ്. പോപ്പിച്ചെടി വളർത്തിയും ഹെറോയിൻ കയറ്റുമതി ചെയ്തും അതിനേക്കാൾ വീര്യമുള്ള മത ലഹരി ഇറക്കുമതി ചെയ്യുന്ന ജീവിത രീതി. സംശയമുണ്ടെങ്കിൽ താലിബാൻ വളർന്ന സ്ഥലവും സ്കൂളുകളും രീതിയും ഒന്നു ശ്രദ്ധിച്ചാൽ മതി.
https://www.facebook.com/Malayalivartha

























