'ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരി ആണെന്റെ ഹീറോ'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായിഎം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ

പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരി ആണെന്റെ ഹീറോയെന്ന് എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഹരിത പ്രവര്‍ത്തകരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയുടെ പേരില്‍ വിവാദം നിലനില്‍ക്കുന്ന വേളയിലാണ് ഫാത്തിമ ഫേസ്ബുക്കിലൂടെ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാനുളള നിര്‍ദ്ദേശം അവഗണിച്ചതിന് എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലീം ലീഗ് മരവിപ്പിച്ചിരുന്നു.
അതേസമയം ഹരിതയുടെ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്ബ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് ലീഗ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയതായി പി.എം.എ സലാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പാര്‍ട്ടി യോഗത്തിനിടെ ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചെന്ന പരാതി ഹരിതയുടെ പത്ത് നേതാക്കള്‍ ആദ്യം മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നടപടിയെടുക്കാത്തതിനാലാണ് വനിതാ കമ്മീഷനിലേക്ക് പരാതി നല്‍കിയത്. ഈ പരാതി ഇന്ന് 10 മണിക്കകം പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം ഹരിത നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ ഹരിത ഉറച്ച് നിന്നതോടെയാണ് ലീഗ് യോഗം ചേര്‍ന്ന് നടപടിയെടുത്തത്.
ഹരിത സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പിരിച്ചുവിടാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇ.ടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ്, എം.കെ മുനീര്‍ എന്നിവരുള്‍പ്പടെ ഒരുവിഭാഗം നേതാക്കള്‍ ഇതിനെ എതിര്‍ത്തു. അവര്‍ യോഗനേതൃത്വം വഹിച്ച പാണക്കാട് സാദിഖലി തങ്ങളോട് നടപടിയെടുക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും എന്നറിയിച്ചെങ്കിലും നേതൃത്വം നടപടി കൈക്കൊളളുകയായിരുന്നു.
അതേസമയം ഹരിത സംസ്ഥാന ഘടകത്തോട് മലപ്പുറം ജില്ലാ ഘടകം വിയോജിച്ചു. പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് ജില്ലാ പ്രസിഡന്റ് കെ. തൊഹാനി ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























