ക്വട്ടേഷൻ സംഘത്തിന്റെ വാഹനം പ്രഫസറുടെ കാറിലിടിച്ചു; കേസൊതുക്കാൻ ക്വട്ടേഷനെടുത്ത സംഘം തട്ടിയെടുത്തത് 4.20 ലക്ഷം രൂപ;സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി

വാഹനാപകടത്തിന്റെ പേരിൽ റിട്ട.പ്രഫസറിന്റെ പക്കൽ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയും, ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വീട്ടിൽ ഒളിവിൽ താമസിക്കുകയും ചെയ്ത ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പ്രതികളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി.അഖിലിനെ (25) കടുത്തുരുത്തിയിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.
മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന അയ്മനം കോട്ടമല വീട്ടിൽ റോജൻ മാത്യു (34) വിനെ പാലാ സബ് ജയിലിൽ എത്തി അറസ്റ്റ് ചെയ്തു. തുടർന്നു ഏറ്റുമാനൂർ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഘാംങ്ങളെപ്പറ്റി വിവരം ലഭിച്ചത്. ഇതിനു ശേഷം,
ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളി ഭാഗത്ത് പള്ളിക്കൽച്ചിറയിൽ കൊച്ചു പറമ്പിൽ വീട്ടിൽ പ്രമോദ് പ്രസന്നൻ (23), കണ്ണൂർ തിരുമേനി മരുതുംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരെ പാലാ സബ്ജയിലിൽ നിന്നും അറസ്റ്റ് ചെയ്തു.
ജൂലായ് ആദ്യത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്വട്ടേഷൻ സംഘത്തലവൻ അലോട്ടിയുടെ സംഘവും, ഇപ്പോൾ അറസ്റ്റിലായ പ്രതികളും തമ്മിൽ സംഭവ ദിവസം സോഷ്യൽ മീഡിയ വഴി വെല്ലുവിളിയുണ്ടാകുകയും, ഈ സംഘം അലോട്ടിയുടെ സംഘാംഗത്തിലൊരാളുടെ വീട്ടിലെത്തി വീട് അടിച്ചു തകർക്കുകയും അടക്കം ചെയ്തിരുന്നു.
ഇതിനു പിന്നാലെ മദ്യം വാങ്ങാനായി പോകുകയായിരുന്ന സംഘത്തിലെ രണ്ടു പേരുടെ വാഹനം കുടമാളൂർ ഭാഗത്തു വച്ച് റിട്ട.പ്രഫസറുടെ വാഹനവുമായി അപകടത്തിൽപ്പെട്ടു. മാന്നാനം കെ.ഇ കോളേജിലെ റിട്ട.പ്രഫസറുടെ വാഹനത്തിലാണ് ക്വട്ടേഷൻ സംഘാംഗങ്ങൾ സഞ്ചരിച്ച വാഹനം വന്നിടിച്ചത്.
അപകട വിവരമറിഞ്ഞ് റോജന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം മറ്റൊരു കാറിൽ സ്ഥലത്ത് എത്തി. തുടർന്നു, പ്രഫസറെ കാറിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയി. പിന്നാലെ ഭാര്യയെയും ആശുപത്രിയിൽ എത്തിച്ചു.
ക്വട്ടേഷനു ശേഷം മടങ്ങിയ സംഘം പൊലീസ് പിടികൂടുമെന്നു കരുതി, ആംബുലൻസ് വിളിച്ചു വരുത്തിയ ശേഷം പ്രഫസറെയും ഭാര്യയെയുമായി ഇവരുടെ വീട്ടിലെത്തി. പ്രതികൾ വീടിന്റെ രണ്ടാം നിലയിൽ രാത്രി മുഴുവൻ ഒളിച്ചിരുന്നു. പിറ്റേന്ന് രാവിലെ അപകടത്തിന്റെ നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു പ്രഫസറെ ഭീഷണിപ്പെടുത്തിയ സംഘം, നാലു ലക്ഷം രൂപ അഖിലിന്റെ അക്കൗണ്ടിലേയ്ക്കു വാങ്ങിയെടുത്തു. തുടർന്നു, പ്രതികൾ ഇവിടെ നിന്നും രക്ഷപെട്ടു.
ഇതിനിടെയാണ് ക്വട്ടേഷൻ സംഘങ്ങൾ ഗാന്ധി നഗറിൽ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. ഈ കേസിന്റെ ആവശ്യത്തിനായി വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികൾ പ്രഫസറെ വീണ്ടും ഭീഷണിപ്പെടുത്തി. 60000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടർന്നു, 20000 രൂപ നൽകിയെങ്കിലും, വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടർന്നു.
ഇതോടെ പ്രഫസർ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്നു, ഡി.വൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സ്മിജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സാബു പി.ജെ, ഡെന്നി, സജി പി.സി എന്നിവരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























