വായ്പക്കെത്തിയ പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചു; പരാതിയില്‍ സി.പി.എം പ്രാദേശിക നേതാവിന് പാര്‍ട്ടിയിലും സസ്പെന്‍ഷന്‍

വായ്പക്ക് അപേക്ഷ നല്‍കിയ യുവതിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ സി.പി.എം പ്രാദേശിക നേതാവിന് പാര്‍ട്ടിയിലും സസ്പെന്‍ഷന്‍. പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാര്‍ നാരങ്ങോളിക്കെതിരെയാണ് നടപടി. സി.പി.എം ധര്‍മടം നോര്‍ത്ത് ലോക്കലിലെ അണ്ടലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ നിഖില്‍ കുമാറിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ജില്ല കമ്മിറ്റി നടപടിയെടുത്തത്.
വായ്പക്കെത്തിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയ യുവതിയും പാര്‍ട്ടി പ്രവര്‍ത്തകയാണ്. വായ്പ അപേക്ഷ നല്‍കിയതിനുപിന്നാലെ നിഖില്‍ കുമാര്‍ അര്‍ധരാത്രി യുവതിയെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വാട്‌സ് ആപ്പില്‍ മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയുംകൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പ്രസിഡന്‍റിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇതോടെ ബാങ്ക് നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ബാങ്ക് നടപടിയെടുത്തതെന്ന് ബാങ്ക് പ്രസിഡന്‍റും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുമായ പി. ബാലന്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിയും സി.പി.എം അംഗമാണ്.
https://www.facebook.com/Malayalivartha


























