ലൈംഗീക അധിക്ഷേപ പരാതിയിൽ ഹരിത നേതാക്കളെ വിളിപ്പിച്ച് വനിതാ കമ്മീഷൻ...

എംഎസ്എഫ് നേതാക്കളുടെ ലൈംഗികാധിക്ഷേപത്തിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് ‘ഹരിത’ പ്രവർത്തകർ. പരാതി പിൻവലിക്കണമെന്ന മുസ്ലിംലീഗിന്റെ നിർദേശമാണ് ഹരിത തള്ളിയത്. ഇതോടെ ലീഗ് നേതൃത്വം കുരുക്കിലായി. ആരോപണവിധേയനായ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കമുള്ളവർക്കെതിരെ സംഘടനാ നടപടിയെടുക്കാത്തതാണ് പരാതി പിൻവലിക്കാതിരിക്കാൻ കാരണം.
എംഎസ്എഎഫ് നേതാക്കൾക്കെതിരെ ലൈംഗീക അധിക്ഷേപ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളോട് ഹിയറിംഗിന് ഹാജരാവാൻ വനിത കമ്മീഷൻ നിർദ്ദേശിച്ചു. ഏഴാം തീയതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ മലപ്പുറത്ത് ഹാജരാവാൻ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു.
ഹരിത നേതാക്കളുടെ അപേക്ഷ അംഗീകരിച്ച വനിതാ കമ്മീഷൻ കോഴിക്കോടെ ഹിയറിംഗിൻ്റെ തീയതി പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ അനുനയ നീക്കത്തിനൊടുവിൽ ഹരിത നേതാക്കളോട് ഖേദം പ്രകടിപ്പിക്കാൻ എംഎസ്എഫ് നേതാക്കൾ തയ്യാറായെങ്കിലും വനിതാ കമ്മീഷനിൽ നൽകിയ പരാതി ഹരിത ഇതുവരെ പിൻവലിച്ചിട്ടില്ല.
അതേസമയം, എം.എസ്.എഫ് നേതാക്കൾ 'ഹരിത'യിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. ചെമ്മങ്ങാട് ഇൻസ്പെക്ടർ സി. അനിതകുമാരിയാണ് കേസ് അന്വേഷിക്കുന്നത്. സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
തുടർന്നാവും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആഗസ്റ്റ് 19നാണ് ചെമ്മങ്ങാട് ഇൻസ്പെക്ടർക്ക് അന്വേഷണത്തിനായി കൈമാറിയത്. പരാതിക്കാരുടെയും ആരോപണവിധേയരുെടയും ഉൾപ്പെടെ പത്തിലധികം പേരുടെ മൊഴികളാണ് ശേഖരിച്ചത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. പ്രസിഡൻറടക്കമുള്ളവർ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് 'ഹരിത' നൽകിയ പരാതി വനിത കമീഷൻ പൊലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ 22ന് എം.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട് വെള്ളയിൽ ഹബീബ്സെൻററിൽ വെച്ച് അപമാനിച്ച് സംസാരിച്ചതായാണ് പരാതിയിൽ പറയുന്നത്. ഫോൺ വഴി അസഭ്യവാക്കുകൾ പ്രയോഗിച്ചു എന്നാണ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബിനെതിരായ പരാതി.
ഫെയ്‌സ്‌ബുക്കിലൂടെ ഖേദം പറയുക എന്നതായിരുന്നു നവാസിന് ലീഗ് നൽകിയ ‘ശിക്ഷ’. ഹരിതയുടെ 10 പ്രവർത്തകർ പരാതി പിൻവലിക്കുമെന്ന് ലീഗ് നേതൃത്വം വാർത്താക്കുറിപ്പുമിറക്കി.പ്രശ്‌നത്തിൽ നേതൃത്വം വിവേചനപരമായി ഇടപെട്ടെന്നാണ് ഹരിത പ്രവർത്തകരുടെ വികാരം. ആരോപണം ഉന്നയിച്ച പെൺകുട്ടികളുമായും ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളുമായും ചർച്ചചെയ്ത് ലീഗ് പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തള്ളിയത്. വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കാത്തതോടെ ലീഗ് നേതൃത്വം പരുങ്ങലിലായി
https://www.facebook.com/Malayalivartha


























