അമ്പരന്ന് താലിബാന്‍... 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകള്‍ പുറത്ത് വിടാന്‍ നീക്കം; ആക്രമണത്തെ അതിജീവിച്ചവരുടേയും മരിച്ചവരുടെ ബന്ധുക്കളുടേയും ദീര്‍ഘനാളായുള്ള ആവശ്യം സാക്ഷാത്ക്കരിക്കുന്നു

ഒരു സുപ്രധാന നീക്കത്തിലേക്ക് അമേരിക്ക. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളില്‍ ചിലത് പുറത്തുവിടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീര്‍ഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. അവര്‍ സൗദി സര്‍ക്കാരിനെതിരെ നല്‍കിയിട്ടുള്ള കേസില്‍ നിര്‍ണായകമാവും ഈ രേഖകള്‍.
ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് സാധ്യമായവ 6 മാസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് നിര്‍ദേശം. ആക്രമണത്തിന്റെ 20–ാം വാര്‍ഷികത്തില്‍ ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രസിഡന്റ് ബൈഡന്‍ പങ്കെടുക്കും. രഹസ്യരേഖകള്‍ പുറത്തുവിടുന്നതു സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ബൈഡനെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
ആക്രമണത്തിന് സൗദി സര്‍ക്കാരിലെ ചിലര്‍ ഒത്താശ ചെയ്തുവെന്നാരോപിച്ച് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ചില സൗദി ഉദ്യോഗസ്ഥരെയും സൗദിക്കാരായ അക്രമികളുടെ കുടംബാംഗങ്ങളെയും ഈ വര്‍ഷം ചോദ്യംചെയ്തിരുന്നു. ആക്രമണത്തിന് പിന്നിലെ ഭീകരസംഘടനയായ അല്‍ ഖായിദയുടെ തലവന്‍ ഉസാമ ബിന്‍ ലാദനും ആക്രമണത്തിനുപയോഗിച്ച വിമാനങ്ങള്‍ റാഞ്ചിയവരില്‍ 15 പേരും സൗദി പൗരന്മാരാണ്. അക്രമികള്‍ക്ക് യുഎസിലെത്താന്‍ സൗദി ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
അതേസമയം കഴിഞ്ഞ മാസം യുഎസ്– നാറ്റോ സഖ്യം ഒഴിപ്പിച്ച അഫ്ഗാന്‍ പൗരന്മാരില്‍ 60,000 പേര്‍ ഇപ്പോള്‍ വിവിധ സൈനിക കേന്ദ്രങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നു. 20,000 അഭയാര്‍ഥികളാണ് യുഎസിലെ 5 സംസ്ഥാനങ്ങളിലെ 8 സൈനിക കേന്ദ്രങ്ങളിലുള്ളത്. വെര്‍ജീനിയ, വിസ്‌കോന്‍സെന്‍, ന്യൂ മെക്‌സിക്കോ, ന്യൂജഴ്‌സി, ഇന്‍ഡ്യാന എന്നീ സംസ്ഥാനങ്ങളിലാണ് ക്യാംപുകള്‍.
ആകെ 24,000 അഫ്ഗാന്‍ പൗരന്മാരാണ് അമേരിക്കയില്‍ എത്തിയത്. ഇതിനു പുറമേ യൂറോപ്പിലെയും മധ്യപൂര്‍വ ദേശത്തെയും പാശ്ചാത്യസേനകളുടെ വിവിധ കേന്ദ്രങ്ങളിലായി 40,000 അഫ്ഗാന്‍കാരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ ഇന്നു ഖത്തറിലെത്തും.
ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടനിലുള്ള ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വ്യാഴാഴ്ച ബ്ലിന്‍കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിലെ സ്ഥിതി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ കാത്തിരുന്നു കാണാമെന്ന നിലപാടാണ് ഇന്ത്യയ്ക്കും യുഎസിനുമെന്നു ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു. ദോഹയില്‍ താലിബാനുമായി പരിമിതയായ ചര്‍ച്ച മാത്രമാണ് ഇന്ത്യ നടത്തിയത്. അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന്റെ താവളമാക്കി മാറ്റില്ലെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാന താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
യുകെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാണു അഫ്ഗാനില്‍ പ്രതീക്ഷിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പഞ്ച്ശീര്‍ പിടിച്ചെന്നു വെള്ളിയാഴ്ച താലിബാന്‍ അവകാശപ്പെട്ടെങ്കിലും പരസ്യ പ്രസ്താവന നടത്തിയിരുന്നില്ല. അവിടെ പോരാട്ടം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തിയിലെ ദര്‍ബന്ദ് വരെ എത്തിയ താലിബാനെ തുരത്തിയെന്ന് അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം പറഞ്ഞു. അതിനിടെ, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് ഇന്നലെ കാബൂളിലെത്തിയതിന്റെ ലക്ഷ്യമെന്തെന്നു വ്യക്തമല്ല.
" f
https://www.facebook.com/Malayalivartha

























