അറിവുകള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്മുഖതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കുണ്ട്... അധ്യാപക ദിനത്തില്‍ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

അറിവുകള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്മുഖതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കുണ്ട്... അധ്യാപക ദിനത്തില്‍ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി
ഈ അദ്ധ്യാപക ദിനത്തില്‍ കേരളത്തിലെ ഓരോ അദ്ധ്യാപകരേയും അഭിവാദ്യം ചെയ്യുന്നുവെന്നും കേരളത്തിന്റെ പുരോഗതിയ്ക്കായി ആത്മാര്‍ത്ഥമായി നമുക്കേവര്‍ക്കും പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഇന്ന് അദ്ധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ആദരാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നും, പകരം, വിദ്യാഭ്യാസത്തിന്റേയും അദ്ധ്യാപനത്തിന്റേയും പ്രാധാന്യം ജനങ്ങളിലേയ്ക്ക് പകരാനുള്ള അവസരമായി അതുപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഏതു നാടിന്റെ വികാസത്തിനും ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്നാണ് ആധുനിക വിദ്യാഭ്യാസം. അത് ഏറ്റവും മികച്ച രീതിയില്‍ സാധ്യമാക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് അദ്ധ്യാപകര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാര്‍ജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ട്. തങ്ങളില്‍ നിക്ഷിപ്തമായ ആ സാമൂഹിക ഉത്തരവാദിത്വം മികവുറ്റ വിധത്തില്‍ നിറവേറ്റുന്ന അദ്ധ്യാപകരോട് കേരള സമൂഹമാകെ കടപ്പെട്ടിരിക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ നമുക്കു മുന്നോട്ട് പോകാന്‍ സാധിച്ചത് അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും കാരണമാണ്. വിദ്യാഭ്യാസം ഡിജിറ്റല്‍ മാദ്ധ്യമങ്ങളിലേയ്ക്ക് പറിച്ചു നട്ടപ്പോള്‍ അദ്ധ്യാപകരുടെ ജോലിഭാരം കൂടുന്ന സാഹചര്യമുണ്ടായി.
പുതിയ അദ്ധ്യയന രീതി സ്വായത്തമാക്കാന്‍ അദ്ധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികളായി മാറേണ്ടി വന്നു. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്നു നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ അവര്‍ക്കു സാധിച്ചു. അഭിമാനകരമായ നേട്ടമാണിത്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരേയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
https://www.facebook.com/Malayalivartha

























