വീണ്ടും നിപ; കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത, മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങള്‍, മൂന്ന് കിലോമീറ്റര്‍ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തി, 17 ഓളം പേര്‍ നിരീക്ഷണത്തില്‍; പ്രാഥമിക സമ്പര്‍ക്കത്തിൽ അഞ്ചു പേര്

വീണ്ടും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതർ. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് (വാര്‍ഡ് 9) പൂര്‍ണമായും അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായും അടച്ചിട്ടുണ്ട്. പനി, ചര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നൽകി.
അതോടൊപ്പം തെന്നെ അയല്‍ ജില്ലകളായ കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ 17 പേര്‍ നിലവില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതില്‍ അഞ്ചു പേര്‍ പ്രാഥമിക സമ്പര്‍ത്തിൽ ഉണ്ട്.
അതേസമയം രോഗം ബാധിച്ച് മരിച്ച 12 വയസുകാരന്റെ സംസ്‌ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യോഗം ചേരുന്നതാണ്. ആരോഗ്യമന്ത്രിക്ക് നല്‍കേണ്ട പ്ലാന്‍ തയ്യാറാക്കുകയും ചെയ്യും. ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തിൽ വിലയിരുത്തും. സ്ഥിതി വിലയിരുത്താന്‍ 12 മണിക്ക് ഉന്നതതലയോഗവും ചേരും. അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനുപിന്നാലെ ആരോഗ്യപ്രവര്‍ത്തകരും പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. നൂറ് മീറ്റര്‍ ചുറ്റളവില്‍ ആരെയും കടത്തി വിടില്ലെന്ന് പോലിസ് വ്യക്തമാക്കി. 2018 ല്‍ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്‌കരിച്ചിരുന്നത്. അതിനിടെ, കേരളത്തിലെ നിപ ബാധ കേന്ദ്രം നിരീക്ഷിച്ചു. സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീം ഇതിനോടകം തന്നെ സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ചാത്തമംഗലം സ്വദേശിയായ 12കാരന്‍ ഇന്നു പുലര്‍ച്ചെ 4.45ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
https://www.facebook.com/Malayalivartha

























