അപകടത്തിൽപ്പെട്ട് ചോരയൊലിപ്പിച്ച് 20മിനിറ്റോളം കുരീപ്പുഴ പാലത്തില്‍ കിടന്ന ആൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ

അപകടത്തിൽപ്പെട്ട സൈക്കിൾ യാത്രികന് രക്ഷകനായി എത്തിയ മന്ത്രി റോഷി അഗസ്റ്റിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി. കഴിഞ്ഞ ദിവസം കൊല്ലത്ത് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഇത് സംബന്ധിച്ച് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. തൊട്ടു മുന്നില്‍ വണ്ടികള്‍ കടന്നു പോകുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആരും നിര്‍ത്തി കണ്ടില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 20 മിനിറ്റോളം ആ വ്യക്തി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. അപകടങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനതയാണ് നമ്മുടേതെന്ന്' അദ്ദേഹം പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഇന്നലെ കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തില്‍ ഒരു സൈക്കിള്‍ യാത്രക്കാരന്‍ അപകടത്തില്‍ പെട്ടു കിടക്കുന്നത് കണ്ടത്. തൊട്ടു മുന്നില്‍ വണ്ടികള്‍ കടന്നു പോകുന്നുണ്ടായിരുന്നു എങ്കിലും ആരും നിര്‍ത്തി കണ്ടില്ല. ഉടന്‍ അവിടെ ഇറങ്ങി.
പൈലറ്റ് വാഹനത്തിലെ പോലീസുകാരും എത്തി. ഇതിനിടെ എന്റെ വാഹനത്തില്‍ നിന്ന് പരുക്കേറ്റ ആള്‍ക്ക് വെള്ളം നല്‍കുകയും ചെയ്തതോടെ അദ്ദേഹത്തിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി. ഉടന്‍ തന്നെ അതിലെ എത്തിയ ഒരു ഓട്ടോറിക്ഷയില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു.
അടിയന്തരമായി തിരുവനന്തപുരത്ത് എത്തെണ്ടിയിരുന്നതിനാല്‍ ആശുപത്രിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. എങ്കിലും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച് ഞാന്‍ യാത്ര തുടരുകയാണ് ഉണ്ടായത്. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ് ഐ വിളിച്ച് അറിയിക്കുകയും ചെയ്തു.
ചെയ്തത് ഏതൊരു പൗരന്റെയും കടമ ആണെന്ന് വ്യക്തമായി അറിയാം. മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്. ഞങ്ങള്‍ എത്തും മുന്‍പ് 20 മിനിറ്റോളം ആ വ്യക്തി ചോര വാര്‍ന്ന് റോഡില്‍ കിടന്നു.
പരുക്ക് ഗുരുതരം അല്ലാത്തതിനാല്‍ അപ്രിയമായത് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം. അപകടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ജനതയാണ് നമ്മുടേത്. പക്ഷേ റോഡപകടങ്ങള്‍ കണ്ടാല്‍ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓര്‍ക്കുക. അവര്‍ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക. സഹായിക്കാന്‍ ഉള്ള മനസ്സ് താനേ വരും. ഒരു ജീവനാണ്. ഒരു കുടുംബത്തിന്റെ ആശ്രയം ആണ്. അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha






















