സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി 1200 സഞ്ചാരികളുമായി ആഡംബരക്കപ്പല്‍ നാളെ കൊച്ചിയില്‍; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രികര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോ ബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ആഡംബര കപ്പല്‍ എം.വി എം പ്രസ് നാളെ കൊച്ചിയില്‍. 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായാണു കപ്പല്‍ എത്തുന്നത്.
മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്കു പോകുന്ന കപ്പല്‍ പുലര്‍ച്ചെ അഞ്ചിനു കൊച്ചിയില്‍ നങ്കൂരമിടും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി എത്തുന്ന കോര്‍ഡേലിയ ക്രൂയിസസിന്റെ എംവി എം പ്രസ് കപ്പലില്‍ നിന്ന് 800 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുന്നത്.
ആറരയോടെ പുറത്തിറങ്ങുന്ന സഞ്ചാരികള്‍ നഗരത്തിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. കൊച്ചി കായലിലൂടെയുള്ള ബോട്ട് സവാരിയും യാത്രയുടെയും ഭാഗമാകും. കപ്പല്‍ വൈകിട്ട് മൂന്നിനു ലക്ഷദ്വീപിലെ കടമത്തിലേക്കു തിരിക്കും.
കേരളത്തിന്റെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എം പ്രസ് കപ്പലിന്റെ വരവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രികര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോ ബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയില്‍നിന്ന് വിനോദസഞ്ചാര മേഖല അതിവേഗം തിരിച്ചു വരികയാണെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു പറഞ്ഞു. സഞ്ചാരികളെ വരവേല്‍ക്കാന്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമാണെന്നും സജീവമായ ടൂറിസം സീസണാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്നത് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പറഞ്ഞു. അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവന്‍ ടൂറിസം നയം സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പു വരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















