വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളി വിവാദം; ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്

വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. സൂപ്രണ്ട് എ.ജി. സുരേഷിനാണ് ജയില്‍ ഡിജിപി നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്.
തടവുകാരുടെ ഫോണ്‍ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. ടിപി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവരാണ് വിയ്യൂര്‍ ജയിലില്‍നിന്ന് ഫോണ്‍ വിളികള്‍ നടത്തിയത്.
ജയിലിലെ ഫോണ്‍ വിളി വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് സര്‍ക്കാരിനെതിരേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊടിസുനി ഏതു ജയിലിലാണോ താമസിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടാണ് അയാളെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.
ജയിലിലെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണ്. ഭക്ഷണത്തിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടെ. അതുകൊണ്ട് അയാള്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ജയിലിലുണ്ട്. ഇതു വളരെ പണ്ടേ കോണ്‍ഗ്രസ് പറഞ്ഞ കാര്യമാണ്. യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജയിലില്‍ ഡിജിപി പരിശോധന നടത്തിയപ്പോള്‍ കൊടി സുനിയുടെ മുറിയില്‍നിന്നു ഫോണുകള്‍ കണ്ടെത്തിയിരുന്നു.
ഇടതുപക്ഷത്തിന്റെ ഭരണത്തണലില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടി കൊടി സുനി ജയിലില്‍ ജീവിക്കുകയാണ്. ഭരണാധികാരികളോട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടു കാര്യമില്ല. അവരുടെ ഒത്താശയോടുകൂടിയാണ് ഇയാള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നത്. ഇതേക്കുറിച്ച് എന്തെങ്കിലുമൊന്ന് പ്രതികരിക്കാനെങ്കിലും മുഖ്യമന്ത്രി തയാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















