വാപൊത്തി അഫ്ഗാന്‍കാര്‍... തട്ടിക്കൊണ്ടുപോകല്‍ കേസിലുള്‍പ്പെട്ടയാളെ വെടിവച്ചു കൊന്ന് നഗരത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി; താലിബാന്റെ കാട്ടുനീതിയില്‍ ഞെട്ടി അഫ്ഗാന്‍ ജനത; മറ്റ് 3 മൃതദേഹങ്ങള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയി

അഫ്ഗാനിസ്ഥാനിലെ ക്രൂരതയുടെ ഓരോരോ കഥകള്‍ പുറത്ത് വരികയാണ്. അധികാരം പിടിച്ചടക്കിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി അഫ്ഗാനില്‍ താലിബാന്റെ കിരാതഭരണമാണ് നടക്കുന്നത്. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകല്‍ കേസിലുള്‍പ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
മറ്റ് 3 മൃതദേഹങ്ങള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാന്‍ സ്ഥാപകരിലൊരാളായ മുല്ല നുറുദീന്‍ തുറാബി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹെറാതിലെ പ്രാകൃത നീതി നടപ്പാക്കല്‍. പുതിയ താലിബാന്‍ ഭരണത്തിനു കീഴില്‍ സംഗീതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ സംഗീതം നിരോധിച്ചതായി വ്യക്തമാക്കിയിട്ടില്ലെങ്കിലും വിവാഹസദസ്സുകളിലൊന്നും നൃത്തവും സംഗീതവും ഇപ്പോഴില്ല.
വാഹനങ്ങളില്‍ പാട്ടുകേള്‍ക്കുന്നവര്‍ താലിബാന്‍ ചെക്ക് പോസ്റ്റുകളെത്തുമ്പോള്‍ ഓഫാക്കുകയാണ് പതിവ്. സംഗീതവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം രാജ്യം വിടാനുള്ള ശ്രമത്തിലാണ്. 350 വിദ്യാര്‍ഥികളുള്ള അഫ്ഗാന്‍ ദേശീയ സംഗീത വിദ്യാലയത്തില്‍ ഓഗസ്റ്റ് 15 നു ശേഷം അധ്യാപകരോ വിദ്യാര്‍ഥികളോ വരുന്നില്ല. പൊടിപടലം നിറഞ്ഞ പിയാനോകള്‍ക്ക് ഹഖാനി ശൃംഖലയുടെ ഭീകരരാണ് കാവല്‍.
അതേസമയം അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി താലിബാന്‍ രംഗത്ത്. വാര്‍ത്താ സ്ഥാപനങ്ങള്‍ക്കെതിരെ '11 നിയമങ്ങള്‍' താലിബാന്‍ അവതരിപ്പിച്ചു. ഇസ്‌ലാമിനെക്കുറിച്ച് പരാമര്‍ശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്താനാണു തീരുമാനം. സര്‍ക്കാരിന്റെ മാധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാര്‍ത്തകള്‍ എഴുതാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം രൂപീകരിച്ച പുതിയ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ മീഡിയ സെന്റര്‍ ഡയറക്ടര്‍ ദാവ ഖാന്‍ മേനാപാല്‍ ഓഗസ്റ്റ് ആദ്യവാരം കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകന്‍ തൂഫാന്‍ ഒമറിനെ താലിബാന്‍ പോരാളികള്‍ കൊലപ്പെടുത്തി.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതുമുതല്‍ സ്വകാര്യ ടിവി ചാനലുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിലും മാറ്റം വന്നിട്ടുണ്ട്. വാര്‍ത്താ ബുള്ളറ്റിനുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വിനോദം, സംഗീത പരിപാടികള്‍ എന്നിവയ്ക്കു പകരം താലിബാന്‍ സര്‍ക്കാരിന് അനുകൂലമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചില പ്രമുഖ പത്രങ്ങള്‍ അച്ചടി നിര്‍ത്തി ഓണ്‍ലൈനിലേക്കു മാറാനും നിര്‍ബന്ധിതരായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിര്‍ന്ന അംഗം സ്റ്റീവന്‍ ബട്ട്‌ലര്‍ പറഞ്ഞു. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചു നൂറുകണക്കിന് ഇ മെയിലുകള്‍ സംഘടനയ്ക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതി താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha