ഇതൊക്കെ എന്തോന്ന്... 10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കല്‍ എന്ന പുത്തന്‍ പണക്കാരന്റെ ലീലാ വിലാസങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാര്‍; പാര്‍ട്ടിയില്‍ നടിമാരുടെ നൃത്തം, മുന്തിയ മദ്യം; സ്വന്തംചെലവില്‍ പള്ളിപ്പെരുന്നാള്‍, അരലക്ഷത്തിന്റെ വാടകവീട്

10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലിന്റെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. മോന്‍സ് പറ്റിച്ചവരില്‍ പ്രമുഖ പ്രവാസി വ്യവസായിയും ഉള്‍പ്പെടുന്നു. കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തില്‍ നല്ലൊരു പങ്കും വ്യാജനായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.
സിവില്‍ സര്‍വീസിലെയും സിനിമയിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി അടുത്ത ബന്ധം. വീടിനു പൊലീസ് സുരക്ഷ. അതിഥികളെ സല്‍ക്കരിക്കാന്‍ മുന്തിയ ഇനം മദ്യം, ഭക്ഷണം. അതിഥികള്‍ക്കു വിനോദത്തിനു സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നൃത്തം. എന്നിവയെല്ലാം പ്രത്യേകതയാണ്.
ആഡംബര ജീവിതമായിരുന്നു മോന്‍സന്‍ മാവുങ്കല്‍ നയിച്ചിരുന്നത്. തന്റെ ഇടപാടുകാരെ ഇടയ്ക്കിടെ ഡല്‍ഹിയിലും ഹൈദരാബാദിലും ബെംഗളൂരുവിലും കൊണ്ടുപോവുകയും അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി തനിക്കുള്ള ബന്ധമെന്തെന്ന് അവരെ കാണിച്ചു കൊടുക്കുകയും ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നു.
എവിടെപ്പോകുമ്പോഴും അകമ്പടിക്കായി ബോഡിഗാഡ് ഉണ്ടായിരുന്നു. എത്തുന്നിടത്തെല്ലാം തനിക്കു സ്വീകരണം ഉറപ്പാക്കാനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. മലയാള സിനിമയിലെ യുവ നടീ, നടന്‍മാരുള്‍പ്പെടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. പാര്‍ട്ടികള്‍ക്കു നൃത്തം ചെയ്യാന്‍ എത്തിയിരുന്നതും സിനിമാ നടിമാര്‍. ഇവര്‍ക്കൊപ്പം നിന്നു ചിത്രങ്ങളും വിഡിയോയും പകര്‍ത്തുന്നതും ഇയാള്‍ക്കു ഹരമായിരുന്നു.
കേരള കേഡറിലെ ആന്ധ്ര സ്വദേശിയായ ഐജിയുമായും അടുത്തിടെ സര്‍വീസില്‍നിന്നു പിരിഞ്ഞ ഡിഐജിയുമായും അടുത്ത ബന്ധമാണ് ഇയാള്‍ പുലര്‍ത്തിയിരുന്നത്. ഇയാള്‍ക്കെതിരെ ഉയരുന്ന പരാതികള്‍ ഒതുക്കാന്‍ സഹായം നല്‍കിയത് ഇവരാണെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ചിത്രങ്ങള്‍, ശബ്ദരേഖ, ഫോണ്‍ സംഭാഷണം, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ചേര്‍ത്തല മാവുങ്കല്‍ മോന്‍സണ്‍ അറിയപ്പെട്ടിരുന്നത് ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാള്‍ 'ഡോക്ടര്‍' ആയതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടു പോലുമില്ലാത്ത ഇയാള്‍ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാഠവുമായിരുന്നു കൈമുതല്‍. കൂടെ, ആരും കണ്ടാല്‍ വീണുപോകുന്ന വീടും അന്തരീക്ഷവും.
കലൂരില്‍ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാല്‍ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ മെംബര്‍, ഹ്യൂമണ്‍ റ്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോര്‍ഡുകള്‍ മോന്‍സന്റെ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടില്‍ കൊണ്ടുവന്നിട്ടു. താന്‍ വലിയ 'കക്ഷി' യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാള്‍ ഇതൊക്കെ ചെയ്തിരിക്കുന്നത്.
പുറത്തേക്ക് പോകുമ്പോള്‍ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേര്‍ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവര്‍ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളില്‍ പോകുമ്പോള്‍ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളില്‍ ചിലപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സംഭാവനകള്‍ നല്‍കി ഞെട്ടിക്കും.
ഇതെല്ലാം അടുത്ത തട്ടിപ്പുകള്‍ക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടില്‍ അടുത്തിടെ പള്ളിപ്പെരുന്നാള്‍ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികള്‍ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്.
"
https://www.facebook.com/Malayalivartha


























