തുറന്നടിച്ച് അനിത പുല്ലയില്‍... മോന്‍സന്റെ കുടുംബവുമായി തനിക്കു നല്ല ബന്ധമായിരുന്നുവെന്ന് അനിത പുല്ലയില്‍; തട്ടിപ്പുകാരനെന്ന് അറിഞ്ഞതോടെ സൗഹൃദം നിര്‍ത്തി; മോന്‍സന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനും പദ്ധതിയിട്ടു; അതോടെ കളി മാറി

ചാനലുകളായ ചാനലുകള്‍ തോറും കയറിയിറങ്ങി തന്റെ ഭാഗം ന്യായീകരിക്കുകയാണ് പ്രവാസി വനിത അനിത പുല്ലയില്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതോടെയാണു അനിത പുല്ലയിലിന്റെ പേരും മാധ്യമങ്ങളില്‍ നിറയുന്നത്.
നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതിയെന്ന് അനിത പുല്ലയില്‍ പറയുന്നു. മോന്‍സനുമായി നല്ല സൗഹൃദം എനിക്കുണ്ടായിരുന്നു. എന്റെ കുടുംബവുമായും, അമ്മ, ഭര്‍ത്താവ് എന്നിവരുമായെല്ലാം പരിചയമുണ്ടായിരുന്നു. മോന്‍സന്റെ കുടുംബവുമായും എനിക്കു നല്ല ബന്ധമായിരുന്നു.
തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ലോബല്‍ വനിത കോ ഓര്‍ഡിനേറ്ററും ലോക കേരള സഭാ അംഗവുമാണ്. മറ്റുള്ളവരെ പറ്റിച്ചതു പോലെ താനും മോന്‍സന്റെ തട്ടിപ്പിനിരയായെന്നും പിന്നീട് കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ അകന്നുവെന്നും അനിത പറയുന്നു.
ഞാന്‍ സാമൂഹിക പ്രവര്‍ത്തകയാണ്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനായി നിരന്തരം ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുമുണ്ട്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായെല്ലാം ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കായല്ലാതെ എന്റെ അടുക്കളക്കാര്യം പറയാനായി ഞാന്‍ അവിടെ പോയിട്ടില്ല.
ഞാന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) എന്ന സംഘടനയുടെ ഗ്ലോബല്‍ വനിതാ കോ ഓര്‍ഡിനേറ്ററാണ്. മോന്‍സന്‍ ഈ സംഘടനയില്‍ വന്നിട്ട് പരമാവധി 3 വര്‍ഷം ആകുന്നതേയുള്ളൂ. 2 വര്‍ഷം മുന്‍പ് എന്റെ പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി മോന്‍സന്‍ വീട്ടില്‍ വന്നിരുന്നു. അന്ന് കൊച്ചിയില്‍ പിഎംഎഫ് ഭാരവാഹികള്‍ ഒരുമിച്ചു യോഗം ചേര്‍ന്നിരുന്നു. പിന്നീട് സംഘടനയുടെ രക്ഷാധികാരിയായ മോന്‍സന്റെ വീട്ടില്‍ പോയി. അന്നാണ് ആദ്യമായി മോന്‍സന്റെ വീട്ടില്‍ പോകുന്നത്. അന്ന് അവര്‍ക്കൊപ്പമെല്ലാം മോന്‍സന്റെ മ്യൂസിയത്തില്‍ വച്ചു പടമെടുത്തിരുന്നു.
ഞാന്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ കാണുന്നത് ഒരു പാടു പേര്‍ സഹായം അന്വേഷിച്ചു വന്നിരുന്നതാണ്. അങ്ങനെയാണു മോന്‍സന്‍ ഞങ്ങളോടു പറഞ്ഞത്. എല്ലാ ദിവസവും 125 പേര്‍ക്കു വീട്ടില്‍ ഭക്ഷണം കൊടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അക്കൗണ്ടൊക്കെ ഫ്രീസായി കിടക്കുന്നതു കാരണം 10-30 പേര്‍ക്കു മാത്രമേ ഭക്ഷണം കൊടുക്കാന്‍ കഴിയുന്നുള്ളൂവെന്നൊക്കെയാണ് ഞങ്ങളോടു പറഞ്ഞത്. അതൊക്കെ സത്യമാണെന്നാണു വിശ്വസിച്ചത്. ഇത്രയേറെ നല്ല മനുഷ്യരുണ്ടല്ലോയെന്നു ഞാന്‍ ചിന്തിച്ചു.
ഒരിക്കല്‍ ഒരു പരാതി പറയാന്‍ വേണ്ടി ബെഹ്‌റയെ വിളിച്ചു, രണ്ടു വര്‍ഷം മുന്‍പാണ്. തിരുവനന്തപുരത്തു വന്നു കാണട്ടെയെന്നു ചോദിക്കാനാണു വിളിച്ചത്. അപ്പോഴാണ് അദ്ദേഹവും മനോജ് ഏബ്രഹാമുമെല്ലാം എറണാകുളത്താണെന്നു പറയുന്നത്. അപ്പോള്‍ എന്റെ പൊട്ട ബുദ്ധിക്ക് എന്നാല്‍ താങ്കള്‍ മോന്‍സന്റെ മ്യൂസിയമൊന്നു പോയി കാണൂവെന്നു പറഞ്ഞു. പ്രവാസികളെ സഹായിക്കുന്ന ഓഫിസര്‍മാരോടു ബഹുമാനമാണ്. അതുകൊണ്ടാണ് അവരോട് ഇങ്ങനെ പറയുന്നത്.
എന്റെ ക്ഷണം സ്വീകരിച്ചു ബെഹ്‌റയും മനോജ് ഏബ്രഹാമും അവിടെ വന്നു. മോന്‍സന് ഒരു സ്വഭാവമുണ്ട് ഭയങ്കരമായി സ്വയം പുകഴ്ത്തി പറയും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതെല്ലാം മനസ്സിലാകുമല്ലോ. മോന്‍സന്‍ സ്വയം പുകഴ്ത്തി പറഞ്ഞപ്പോള്‍തന്നെ അവര്‍ക്കു ചില സംശയങ്ങള്‍ വന്നു. അവരെ അവിടെയെല്ലാം ഇരുത്തി ഫോട്ടോ എടുത്തതു മോന്‍സന്‍ തന്നെയാണ്. ആ പടങ്ങളാണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്നത്. അന്നേ ബഹ്‌റ പറഞ്ഞിരുന്നു മോന്‍സണ്‍ ഫ്രോഡാണെന്ന്. മോന്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയപ്പോള്‍ നിനക്ക് എന്തെങ്കിലും കള്ളത്തരങ്ങളോ ഫ്രോഡ് കാര്യങ്ങളോ ഉണ്ടോ? എന്ന് ഞാന്‍ ചോദിച്ചു.
എനിക്ക് ഒരാളെയും പേടിച്ചു ജീവിക്കേണ്ട കാര്യമല്ല. ഒരാള്‍ ചെയ്യുന്നതു തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ അതു മറ്റുള്ളവരോടു പറയും. ഞാന്‍ എന്തെങ്കിലും നെറികേടു കാണിച്ചാല്‍ ദൈവത്തോടു കണക്കു പറയേണ്ടി വരുമെന്നും അനിത പറഞ്ഞു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























