ഒന്നൊന്നര കളികള്‍ പുറത്ത്... മോന്‍സണ്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന അനില്‍കുമാറിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്; ചേര്‍ത്തലയിലെ വീട്ടുപരിസരത്ത് പോയി അന്വേഷിച്ചത് എന്തിനാണെന്ന് കയര്‍ത്ത് മോന്‍സണ്‍; തന്റെ ബന്ധങ്ങളെക്കുറിച്ച് അറിയില്ലെന്ന് മോന്‍സന്റെ ഭീഷണി

മോന്‍സണ്‍ മാവുങ്കലിന്റെ കളികള്‍ ഒന്നൊന്നായി പുറത്താകുകയാണ്. മോന്‍സണ്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന അനില്‍കുമാറിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തായി. തന്റെ പരാതിയില്‍ തനിക്കെതിരെ അന്വേഷിക്കുന്നോ എന്നാണ് മോന്‍സണ്‍ കയര്‍ക്കുന്നത്.
ഹരിപ്പാട്ടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട 6.27 കോടി രൂപയുടെ സാമ്പത്തിക ഇടപാടില്‍ വിവരശേഖരണത്തിനാണ് ഡിവൈ.എസ്.പിയും സംഘവും രണ്ടുമാസം മുമ്പ് കലൂരിലെ വീട്ടിലെത്തിയത്. ശ്രീവത്സത്തിനെതിരെ മോന്‍സണും പരാതി നല്‍കിയിരുന്നു. ദൃശ്യത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ മോന്‍സണ്‍ കൂട്ടാക്കുന്നിയില്ല. തന്നെക്കുറിച്ച് ചേര്‍ത്തലയിലെ വീട്ടുപരിസരത്ത് പോയി അന്വേഷിച്ചത് എന്തിനാണെന്നടക്കം ഇയാള്‍ ചോദിക്കുന്നുണ്ട്. അത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി. തന്റെ ബന്ധങ്ങളെക്കുറിച്ച് അറിയില്ലെന്നും മോന്‍സണ്‍ ഡിവൈ.എസ്.പിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം പുരാവസ്തു തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കല്‍ പിടിയിലായി ഒരാഴ്ചയായെങ്കിലും മോന്‍സന്‍ തട്ടിയെടുത്ത കോടികള്‍ എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോന്‍സന്റെ ബിനാമികള്‍ ആരൊക്കെ, അടുപ്പക്കാരുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ എന്നിവ പരിശോധിക്കും.
നേരിട്ടും ബിനാമികളുടെ അക്കൗണ്ട് വഴിയുമാണ് പണം കൈമാറിയതെന്നാണ് പരാതിക്കാരുടെ മൊഴി. എന്നാല്‍, പത്ത് കോടി കൈമാറിയെന്ന പരാതിക്ക് ആധികാരിക തെളിവുകള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. നാല് കോടി രൂപ കൈമാറിയിട്ടുണ്ടെന്ന രേഖമാത്രമാണ് ആകെയുള്ള കച്ചിത്തുരുമ്പ്. എവിടെയെല്ലാം പണം നിക്ഷേപിച്ചു, ആര്‍ക്കെല്ലാം കൈമാറി എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മോന്‍സണുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ജീവനക്കാരെയും ചോദ്യം ചെയ്യും.
അതേസമയം തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് നല്‍കിയ പരാതിയില്‍ മോന്‍സണെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് കേസെടുത്തിരുന്നു. ഈ കേസില്‍ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും. വിശ്വരൂപമടക്കം എട്ട് ശില്പങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ വകയില്‍ 70ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. ഇവയെല്ലാം കലൂരിലെ മോന്‍സന്റ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മോന്‍സന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ചെമ്പോലകള്‍ പോലുള്ള വസ്തുക്കള്‍ പുരാവസ്തുവകുപ്പ് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. വ്യാജമായി ഉണ്ടാക്കിയതാണോ, കാലപ്പഴക്കം, മൂല്യം എന്നിവ സംബന്ധിച്ചാണ് തെളിവെടുപ്പ്. പലതും വ്യാജമാണ്.
പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോണ്‍സണുമായുള്ള ബന്ധത്തിന്റെ പേരില്‍ ചേര്‍ത്തല സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
മോണ്‍സണ്‍ മാവുങ്കലുമായുള്ള ഫോണ്‍ സംഭാഷണവും മോണ്‍സണിന്റെ വീട്ടില്‍ നടന്ന വിവാഹനിശ്ചയത്തില്‍ പങ്കെടുത്തതിന്റെ ചിത്രവും ഉപയോഗിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന തലത്തില്‍ വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇടപെടലുണ്ടായത്. വകുപ്പ് തലത്തിലും ക്രൈം ബ്രാഞ്ചും ആരോപണ വിധേയരായ ഉദ്യോസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























