കരളലിയിപ്പിക്കും കാഴ്ച... ജീവനറ്റ കുട്ടിക്കുരുന്നിന് മുന്നില്‍ കണ്ണീരുമായി 33 മണിക്കൂര്‍ കാവല്‍ നിന്ന് തള്ളയാന; വിശപ്പും ദാഹവും ഒന്നും വകവയ്ക്കാതെ ആനക്കൂട്ടവും ഒപ്പം കൂടി; സങ്കടം സഹിക്കവയ്യാതെ ജഡത്തിലേക്ക് അവസാന നോട്ടവും നോക്കി ആനകള്‍ കാട്ടിലേക്കു നീങ്ങി

എല്ലാ ജീവികള്‍ക്കും തങ്ങളുടെ മക്കള്‍ പൊന്നോമനകളാണ്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍ കുഞ്ഞ് എന്ന് പറയുന്നത് അതുകൊണ്ടാണ്. ഇവിടെ ആനയാണ് താരം. പലതരം ആനക്കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. ഗൂഡല്ലൂരിലെ എടക്കരയിലാണ് മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമുണ്ടായത്.
ഗൂഡല്ലൂരിലെ പന്തല്ലൂരിനുസമീപം മലവന്‍ ചേരമ്പാടിയിലെ ചന്ദ്രന്റെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ കുട്ടിക്കൊമ്പന്‍ ചരിഞ്ഞത്. ജീവനറ്റ ആ പൊന്നോമന കുട്ടിക്കൊമ്പന് വേണ്ടി 33 മണിക്കൂറാണ് കാവല്‍ നിന്നത്. ഭയപ്പെടുത്താനായി നാട്ടുകാര്‍ പൊട്ടിച്ച പടക്കമോ വിശപ്പോ ദാഹമോ ഒന്നും അവരെ ബാധിച്ചില്ല. തള്ളയാനയുള്‍പ്പെടെ മൂന്നുപേര്‍ ആ ജഡത്തിനരികെ നിലയുറപ്പിച്ചു.
ചായത്തോട്ടത്തില്‍ എട്ട് ആനകളാണ് തീറ്റ തേടിയെത്തിയത്. ഇതിനിടെ ആനക്കുട്ടി കുഴഞ്ഞുവീണു. കുട്ടിക്കൊമ്പനെ ഉയര്‍ത്താനുള്ള ആനക്കൂട്ടത്തിന്റെ ശ്രമം വിഫലമായി. തടിച്ചുകൂടി പടക്കംപൊട്ടിച്ച നാട്ടുകാരെ ആനക്കൂട്ടം വിരട്ടിയോടിച്ചു. രാത്രി പതിനൊന്നോടെ അഞ്ച് ആനകള്‍ കാട്ടിലേക്കുമടങ്ങി. ഒരു കൊമ്പനും രണ്ടു പിടിയാനകളും അവിടെ നിലയുറപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴോടെ കുട്ടിക്കൊമ്പന്റെ ജഡത്തിലേക്ക് അവസാന നോട്ടവുംനോക്കി ആനകള്‍ കാട്ടിലേക്കു നീങ്ങി. കാവല്‍നിന്ന പിടിയാനയാണ് കുട്ടിക്കൊമ്പന്റെ തള്ളയെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ജഡം തിങ്കളാഴ്ച പോസ്റ്റുേമാര്‍ട്ടം ചെയ്യും.
മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ണന്‍ ദേവന്‍ കമ്പനി നല്ലതണ്ണി എസ്‌റ്റേറ്റ് നടയാര്‍ ഡിവിഷനില്‍ പതിനേഴാം നമ്പര്‍ ഫീല്‍ഡിലെ തേയിലത്തോട്ടത്തില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയപ്പോഴും ആനക്കൂട്ടം പിന്‍മാറിയില്ല. 10 മാസം പ്രായമായ കുട്ടിയാനയുടെ 2 ദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്.
വിവരം അറിഞ്ഞ് വനപാലകര്‍ എത്തിയെങ്കിലും ആനക്കൂട്ടം ജഡത്തിനു സമീപം തമ്പടിച്ചിരുന്നതിനാല്‍ സമീപത്തേക്ക് എത്താനായില്ല. കുട്ടിക്കൊമ്പന്റെ ജഡത്തിന് 2 ദിവസം കാവല്‍ നിന്ന ശേഷമാണ് ഇരുപത്തിയഞ്ചോളം വരുന്ന ആനക്കൂട്ടം തിരികെ കാട്ടിലേക്കു പോയത്.
കൂട്ടത്തിലെ കുട്ടിക്കുറമ്പന് കാട്ടാനക്കൂട്ടം വിടപറഞ്ഞു. ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡത്തില്‍ തുമ്പിക്കൈ കൊണ്ട് അവസാന 'ചുംബനം' നല്‍കിയാണ് ആനക്കൂട്ടം കാടുകയറിയത്.
അടുത്തിടെ കോന്നിയിലെ കുട്ടിക്കൊമ്പന്‍ ചരിഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. നിലമ്പൂരില്‍ നിന്ന് കോന്നിയിലെത്തിച്ച കുട്ടിയാനയാണ് ചരിഞ്ഞത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയാന ദഹന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ചരിഞ്ഞത്.
മൂന്ന് മാസം മുന്‍പ് നിലമ്പൂരില്‍ നിന്ന് കൂട്ടം തെറ്റിയാണ് കുട്ടിയാനയെ കണ്ടെത്തുന്നത്. കാട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആനക്കൂട്ടം അടുപ്പിക്കാത്തതിനെ തുടര്‍ന്ന് വനംവകുപ്പ് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കോന്നിയില്‍ എത്തിച്ചത്. ജൂനിയര്‍ സുരേന്ദ്രന്‍ എന്ന പേരാണ് ആനക്കുട്ടിക്ക് ജീവനക്കാര്‍ നല്‍കിയത്. ആനക്കുട്ടിയുടെ വിയോഗം ആനപ്രേമികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിന് ശേഷമാണ് ഗൂഡല്ലൂരില്‍ നിന്നും സങ്കടകരമായ മറ്റൊരു കുട്ടികൊമ്പന്റെ വാര്‍ത്ത വരുന്നത്.
"
https://www.facebook.com/Malayalivartha



























